ചെന്നൈ: ജയലളിതയ്ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് രാഷ്ട്രം. തമിഴകത്തിന്റെ പ്രിയ നേതാവിന് ആദരഞ്ജലി അര്‍പ്പിക്കാന്‍ പ്രമുഖരും സാധാരണക്കാരും ചെന്നൈയിലെ രാജാജി ഹാളില്‍ ഒഴുകിയെത്തി. ജയലളിതയുടെ സംസ്കാരം വൈകിട്ട് 4.30ന് മറീന ബീച്ചില്‍ നടക്കും. ചടങ്ങുകളില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ചെന്നൈയില്‍ എത്തി.
ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ഏറെ നാളായി ചികിത്സയിലായിരുന്ന ജയലളിതയുടെ അന്ത്യം ഇന്നലെ രാത്രി 11.30 ഓടെയായിരുന്നു. ഹൃദയസ്തംഭനമാണ് മരണ കാരണം. ജ. ചെന്നൈ രാജാജി ഹാളില്‍ പ്രിയ നേതാവിന്റെ ഭൗതികശരീരം ഒരുനോക്ക് കാണാന്‍ ആയിരങ്ങളാണ് എത്തിയത്. സമൂഹത്തിന്റെ നാനാതുറകളില്‍ നിന്നുളളവര്‍, പുരഴ്ചി തലൈവിക്ക് നിറകണ്ണുകളോടെ ആദരാഞ്ജലി അര്‍പ്പിച്ചു.
ചെന്നൈ മറീന ബീച്ചിലെ അണ്ണാ സ്ക്വയറില്‍ എംജിആര്‍ സ്മാരകത്തിന് സമീപം വൈകിട്ട് 4.30നാണ് ജയലളിതയുടെ സംസ്കാരം. രാഷ്ട്രപതി പ്രണബ് മുഖര്‍ജി, പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര മന്ത്രിമാര്‍, ദേശീയ രാഷ്ട്രീയത്തിലെ പ്രമുഖര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും. ജയലളിതയുടെ നിര്യാണത്തെ തുടര്‍ന്ന് തമിഴ്നാട്ടില്‍ ഏഴുദിവസത്തെ ദു:ഖാചരണവും, രാജ്യത്ത് ഒരുദിവസത്തെ ദു:ഖാചരണവും പ്രഖ്യാപിച്ചിട്ടുണ്ട്.
ജയലളിതയുടെ വിയോഗത്തില്‍ രാജ്യസഭയും ലോക്സഭയും അനുശോചന രേഖപ്പെടുത്തി ഇന്നത്തേക്ക് പിരിഞ്ഞു. കേരള ഗവര്‍ണര്‍ പി.സദാശിവം, മുഖ്യമന്ത്രി പിണറായി വിജയന്, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി എന്നിവരും സംസ്കാര ചടങ്ങില്‍ സംബന്ധിക്കും.
Discussion about this post