തിരുവനന്തപുരം: ഇരുപത്തിയൊന്നാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് തിരുവനന്തപുരത്ത് തുടക്കമായി. മുഖ്യമന്ത്രി പിണറായി വിജയന്‍ ചലച്ചിത്രമേള ഉദ്ഘാടനം ചെയ്തു. അഭിനേത്രി അപര്‍ണ ബാലമുരളി മുഖ്യമന്ത്രിക്ക് ദീപം കൈമാറി. ചലച്ചിത്ര മേളയുടെ ഇരുപത്തിയൊന്ന് സുവര്‍ണ വര്‍ഷങ്ങളെ കുറിക്കുന്ന ഇരുപത്തിയൊന്ന് ചെരാതുകളില്‍ വേദിയിലെ മറ്റു പ്രമുഖരും പ്രകാശനാളം പകര്‍ന്നു.
ലോകത്തിന്റെ ജാലകങ്ങളാണ് ചലച്ചിത്രങ്ങളെന്നും ഈ ചലച്ചിത്ര മേള കേരളീയരുടെ സ്വകാര്യ അഭിമാനമാണെന്നും ഉദ്ഘാടനപ്രസംഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. ലോകം കേരളത്തിലേക്കു വിരുന്നുവന്നിരിക്കുന്ന എട്ടു ദിവസങ്ങളില്‍ ലോകത്തിലെ ഏറ്റവും സിനിമാ സാക്ഷരരായ വ്യക്തിത്വങ്ങളെ കാണാനും അവരോടു സംവദിക്കാനുമുള്ള അവസരം കൂടിയാണു നമുക്കു ലഭിച്ചിരിക്കുന്നതെന്നും മേള എല്ലാ വിഭാഗം കലാസ്‌നേഹികള്‍ക്കും പ്രാപ്യമാണെന്ന് സര്‍ക്കാര്‍ ഉറപ്പാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
യുവ സിനിമാപ്രവര്‍ത്തകരുടെ സിനിമകള്‍ക്ക് അന്താരാഷ്ട്ര വേദികള്‍ ഒരുക്കുന്നതിന് സിനിമാമാര്‍ക്കറ്റിംഗ് എന്ന സ്ഥിരം പദ്ധതിയും പതിനാല് ജില്ലകളില്‍ കള്‍ച്ചറല്‍ കോംപ്ലക്‌സുകളില്‍ ഓപ്പണ്‍തിയറ്റര്‍ സംവിധാനവും ആരംഭിക്കുമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച സാംസ്‌കാരിക മന്ത്രി എ.കെ. ബാലന്‍ പറഞ്ഞു. പരിസ്ഥിതി സൗഹാര്‍ദമായ വേദികളും മറ്റു സൗകര്യങ്ങളും ഈ മേളയുടെ പ്രത്യേകതയാണ്. ഇതാദ്യമായി ട്രാന്‍സ് ജെന്‍ഡര്‍ വിഭാഗത്തിന് ചലച്ചിത്രമേളയില്‍ പങ്കാളികളാകാന്‍ അവസരം നല്‍കിയിട്ടുണ്ടെന്നും സാംസ്‌കാരികമന്ത്രി പറഞ്ഞു.
മേളയില്‍ വിശിഷ്ടാതിഥിയായി പങ്കെടുത്ത അഭിനേതാവും സംവിധായകനുമായ അമോല്‍ പലേക്കര്‍ തന്റെ കേരളവുമായുള്ള ആത്മബന്ധത്തെക്കുറിച്ച് പറഞ്ഞത് സദസ്സിന് ഹരം പകര്‍ന്നു. ബാലു മഹേന്ദ്രയുടെ ഓളങ്ങള്‍ എന്ന സിനിമയില്‍ പൂര്‍ണിമ ജയറാമിനും അംബികയ്ക്കുമൊപ്പം അഭിനയിച്ചിട്ടുണ്ടെന്ന് അദ്ദേഹം അനുസ്മരിച്ചു. തന്റെ ദായ്‌റ (സ്‌ക്വയര്‍ സര്‍ക്കിള്‍) എന്ന സിനിമ ട്രാന്‍സ്ജന്‍ഡര്‍ വിഷയം കൈകാര്യം ചെയ്യുന്നതായിരുന്നതിനാല്‍ 1995ലെ മേളയില്‍ പ്രദര്‍ശനാനുമതി നിഷേധിക്കപ്പെട്ടെന്നും ഈ മേളയില്‍ ട്രാന്‍സ്ജന്‍ഡറുകള്‍ക്ക് പ്രവേശനാനുമതി നല്‍കിയത് സന്തോഷം നല്‍കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ധനമന്ത്രി ഡോ.തോമസ് ഐസക്ക് മേയര്‍ വികെ. പ്രശാന്തിനു നല്‍കി ഫെസ്റ്റിവല്‍ ബുക്ക് പ്രകാശനം ചെയ്തു. ലൈഫ്‌ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് വിഖ്യാത ചെക്ക് സംവിധായകനായ ജിറിമെന്‍സിലിനു മുഖ്യമന്ത്രി സമ്മാനിച്ചു. ഡോ. ശശി തരൂര്‍ എംപി, ജില്ലാ പഞ്ചായത്തു പ്രസിഡന്റ് വി.കെ. മധു, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍, ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ലെനിന്‍ രാജേന്ദ്രന്‍, സാംസ്‌കാരിക വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ്, ഫെസ്റ്റിവല്‍ ഡയറക്ടര്‍ ബീനാ പോള്‍, അടൂര്‍ ഗോപാലകൃഷ്ണന്‍, നടി ഷീല, സാംസ്‌കാരിക ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ പി. ശ്രീകുമാര്‍, മാക്ട ചെയര്‍മാന്‍ ലാല്‍ ജോസ്, ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് സുരേഷ് കുമാര്‍, ചലച്ചിത്ര അക്കാദമി സെക്രട്ടറി മഹേഷ് പഞ്ചു തുടങ്ങിയവര്‍ സംബന്ധിച്ചു.
Discussion about this post