കൊച്ചി: കൊച്ചി മുസിരിസ് ബിനാലെയ്ക്ക് ഫോര്‍ട്ടുകൊച്ചിയില്‍ സ്ഥിരം വേദി സ്ഥാപിക്കുന്നത് സംസ്ഥാന സര്‍ക്കാരിന്റെ സജീവപരിഗണനയിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വെനീസ് മാതൃകയില്‍ സ്ഥിരം വേദി ഒരുക്കുന്നതിനുള്ള പദ്ധതിയാണ് ആലോചനയിലുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. ഫോര്‍ട്ടുകൊച്ചി പരേഡ് മൈതാനത്ത് കൊച്ചി മുസിരിസ് ബിനാലെയുടെ മൂന്നാം പതിപ്പിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
ഇക്കുറി ബജറ്റ് വിഹിതമായി ഏഴരക്കോടി രൂപയാണ് ബിനാലെയ്ക്കായി സര്‍ക്കാര്‍ അനുവദിച്ചത്. ഇത്തരമൊരു കലാ സാംസ്‌കാരിക മേളയ്ക്ക് ഇന്ത്യയിലെ ഏറ്റവും വലിയ സര്‍ക്കാര്‍ പിന്തുണയാണിത്. കലയുടെയും സംസ്‌കാരത്തിന്റെയും തുറന്ന കവാടമാണ് ബിനാലെ. കലയും സംസ്‌കാരവും ഈ കവാടത്തിലൂടെ നിര്‍ബാധം ഇരുവശത്തേക്കും പ്രവഹിക്കും. കേരളത്തിന്റെ കലാ സാംസ്‌കാരിക തനിമ ലോകത്തിനു മുന്നിലെത്തുന്നതും ഈ കവാടത്തിലൂടെ തന്നെ. ലോകത്തിന്റെ സാംസ്‌കാരിക വൈവിധ്യം ഒരു കുടക്കീഴില്‍ അവതരിപ്പിക്കുന്ന ഈ മഹാസംരംഭം ടൂറിസം രംഗത്തിനും ഊര്‍ജം പകരും. കഴിഞ്ഞ രണ്ട് ബിനാലെകളിലെത്തിയത് ലക്ഷക്കണക്കിന് സന്ദര്‍ശകരാണ്. ഈ സംഖ്യ ഇനിയും വര്‍ധിക്കും. ഇതിന്റെ ഗുണം കൊച്ചിയ്ക്കും കേരളത്തിനും ലഭിക്കും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. അനേകം ചരിത്രാധ്യായങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച മണ്ണിലാണ് ബിനാലെ അരങ്ങേറുന്നത്. അറബികള്‍, ചൈനക്കാര്‍, യഹൂദര്‍, ആഫ്രിക്കക്കാര്‍, പോര്‍ച്ചുഗീസുകാര്‍, ഡച്ചുകാര്‍, ഇംഗ്ലീഷുകാര്‍ തുടങ്ങി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ ഈ മണ്ണില്‍ വസിച്ചവരാണ്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയവര്‍ ഇതിന് പുറമെയും. മലയാളത്തിന് പുറമെ 16 ഭാഷകള്‍ സംസാരിക്കുന്ന 30ല്‍ പരം സമൂഹങ്ങളാണ് കൊച്ചിയിലുള്ളത്. സംസ്‌കാരങ്ങളുടെ ഈ കളിത്തൊട്ടില്‍ ബിനാലെ പോലൊരു സംസ്‌കാരികോത്സവത്തിന് തീര്‍ത്തും അനുയോജ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. പ്രൊഫ. കെ.വി. തോമസ് എം.പി, മേയര്‍ സൗമിനി ജയിന്‍, എം.എല്‍.എമാരായ കെ.ജെ. മാക്‌സി, ജോണ്‍ ഫെര്‍ണാണ്ടസ്, മുന്‍ മന്ത്രി എം.എ. ബേബി, അഡീഷണല്‍ ചീഫ് സെക്രട്ടറി എം.എ. ബേബി, ടൂറിസം വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. വി. വേണു, ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫിറുള്ള, മുന്‍ എം.പി പി. രാജീവ്, ബിനാലെ ക്യുറേറ്റര്‍ സുദര്‍ശന്‍ ഷെട്ടി, കൊച്ചി മുസിരിസ് ബിനാലെ ഫൗണ്ടേഷന്‍ ഭാരവാഹികളായ റിയാസ് കോമു, ബോസ് കൃഷ്ണമാചാരി, ട്രസ്റ്റികളായ എം.എ. യൂസഫലി, ഹോര്‍മിസ് തരകന്‍ തുടങ്ങിയവര്‍ ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുത്തു. ബിനാലെയുടെ പ്രധാനവേദിയായ ആസ്പിന്‍വാള്‍ ഹൗസിലും മുഖ്യമന്ത്രിയും അതിഥികളും സന്ദര്‍ശനം നടത്തി.
Discussion about this post