ന്യൂഡല്‍ഹി: കറന്‍സി പിന്‍വലിക്കലുമായി ബന്ധപ്പെട്ട് രാജ്യത്തെ വിവിധ ഹൈക്കോടതികളില്‍ നിലനില്‍ക്കുന്ന കേസുകളുടെ തുടര്‍ നടപടികള്‍ സുപ്രീംകോടതി സ്റ്റേ ചെയ്തു. കീഴ്ക്കോടതികള്‍ ഇത് സംബന്ധിച്ച ഹര്‍ജികള്‍ സ്വീകരിക്കരുതെന്നും സുപ്രീംകോടതി നിര്‍ദ്ദേശിച്ചു. കേന്ദ്രസര്‍ക്കാരിന്റെ തീരുമാനത്തിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്യുന്ന ഹര്‍ജികള്‍ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ പരിഗണനയ്ക്ക് വിടുകയും ചെയ്തു.
ഇത് സംബന്ധിച്ച് ഉയര്‍ന്ന വിഷയങ്ങള്‍ രാജ്യത്തിന്റെ മുഴുവന്‍ ആശങ്കയാണെന്നും കോടതി ചൂണ്ടിക്കാട്ടി. പഴയ നോട്ടുകള്‍ ഉപയോഗിക്കാനുളള കാലാവധി നീട്ടണമെന്ന ഹര്‍ജിക്കാരുടെ ആവശ്യം തളളിക്കൊണ്ടാണ് സുപ്രീംകോടതിയുടെ നടപടി. പഴയ നോട്ടുകള്‍ ഉപയോഗിക്കാനുളള സമയപരിധി നീട്ടി ഇടക്കാല ഉത്തരവ് ഇറക്കണമെന്നായിരുന്നു കേസില്‍ കോടതിയില്‍ ഹാജരായ കപില്‍ സിബലിന്റെ ആവശ്യം.
ആഴ്ചയില്‍ 24,000 രൂപ പിന്‍വലിക്കാമെന്ന ഉറപ്പ് പാലിക്കണമെന്നും കോടതി സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചു. കറന്‍സി പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ട് സഹകരണ ബാങ്കുകളിലെ പ്രശ്നങ്ങളില്‍ തല്‍ക്കാലം ഇടപെടുന്നില്ലെന്നും കോടതി പറഞ്ഞു. സര്‍ക്കാരിന്റെ നയപരമായ തീരുമാനമായതിനാല്‍ ഇക്കാര്യത്തില്‍ ഇപ്പോള്‍ ഉത്തരവ് പുറപ്പെടുവിക്കാനില്ല.
നവംബര്‍ 11 മുതല്‍ 14 വരെ ജില്ലാ സഹകരണ ബാങ്കുകള്‍ സമാഹരിച്ച 8000 കോടിയോളം രൂപ മാറ്റിനല്‍കാന്‍ സൗകര്യമൊരുക്കുമെന്ന് അറ്റോര്‍ണി ജനറല്‍ നല്‍കിയ ഉറപ്പ് കോടതി അംഗീകരിച്ചു.
Discussion about this post