ന്യൂഡല്‍ഹി: റദ്ദാക്കിയ നോട്ടുകള്‍ മാര്‍ച്ച് 31നു ശേഷം കൈവശം വയ്ക്കുന്നതു നിയമവിരുദ്ധമായി കണക്കാക്കുന്ന ഓര്‍ഡിനന്‍സിനു കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. പഴയ 1000 രൂപ, 500 രൂപ നോട്ടുകള്‍ കൈവശം വയ്ക്കുന്നതു പിഴയും നാലു വര്‍ഷം വരെ തടവ് ശിക്ഷയും ലഭിക്കാവുന്ന കുറ്റകൃത്യമായി കണക്കാക്കും.
ഇതിനു പുറമേ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ചട്ടം പരിഷ്‌കരിക്കാനുള്ള നിയമഭേദഗതി ഓര്‍ഡിനന്‍സിനും അംഗീകാരം നല്‍കി. ഇതോടെ റദ്ദാക്കിയ നോട്ടുകളുടെ പേരില്‍ കേന്ദ്ര സര്‍ക്കാരിനോ ആര്‍ബിഐക്കോ ബാധ്യത ഉണ്ടാകില്ല. കാബിനറ്റ് ഇന്നലെ പാസാക്കിയ ഓര്‍ഡിനന്‍സ് രാഷ്ട്രപതിയുടെ അംഗീകാരത്തിനായി അയച്ചു.
അസാധുവാക്കിയ 1000രൂപ, 500 രൂപ നോട്ടുകള്‍ ബാങ്കുകളില്‍ നിക്ഷേപിക്കുന്നതിനുള്ള അവസാന തീയതി ഡിസംബര്‍ 31 ആണ്. ഇതിനുശേഷം പഴയ നോട്ടുകള്‍ കൈവശമുള്ളവര്‍ക്കു 2017 മാര്‍ച്ച് 31 വരെ റിസര്‍വ് ബാങ്കില്‍ മാറ്റിയെടുക്കാം. എന്നാല്‍, എന്തുകൊണ്ട് നോട്ടുകള്‍ നിക്ഷേപിക്കാന്‍ വൈകിയെന്നതിന് വിശദീകരണം നല്‍കേണ്ടി വരും.
മാര്‍ച്ച് 31നുശേഷം അസാധുവാക്കിയ നോട്ടുകള്‍ പത്തെണ്ണത്തില്‍ കൂടുതല്‍ കൈവശം വയ്ക്കുന്നത് കുറ്റകരമായി കണക്കാക്കുന്ന നിയന്ത്രണമാണ് ഓര്‍ഡിനന്‍സിലുള്ളതെന്നാണു വിവരം. നിയമലംഘനത്തിന് പിഴയും നാലു വര്‍ഷം വരെ തടവും ലഭിച്ചേക്കും. വിദേശത്തോ സൈനിക സേവനത്തിന്റെ ഭാഗമായി വിദൂരപ്രദേശങ്ങളിലോ ആയതു കൊണ്ട് പഴയ നോട്ടുകള്‍ ബാങ്കില്‍ നിക്ഷേപിക്കാന്‍ കഴിയാത്തവര്‍ക്ക് ഇളവുണ്ടാകും.
എന്നാല്‍, നോട്ടുകള്‍ കൈവശം വയ്ക്കുന്നവര്‍ക്ക് ജയില്‍ ശിക്ഷ ലഭ്യമാക്കുന്നതു സംബന്ധിച്ച് ഓര്‍ഡിനന്‍സില്‍ വ്യക്തമായ പരാമര്‍ശമില്ലെന്നും റിപ്പോര്‍ട്ടുണ്ട്.
50,000 രൂപയോ പിടിച്ചെടുക്കുന്ന തുകയുടെ അഞ്ചു മടങ്ങോ, ഇതില്‍ ഏതാണോ കൂടുതല്‍ അതു പിഴയായി നല്‍കേണ്ടി വരും. നോട്ടുകള്‍ പിടിക്കപ്പെടുന്ന കേസുകളില്‍ മജിസ്‌ട്രേറ്റുമാര്‍ തീര്‍പ്പു കല്‍പ്പിക്കുവുന്നതാണ്. റിസര്‍വ് ബാങ്ക് ഡയറക്ടര്‍മാരുടെ ശുപാര്‍ശകളും നിയമഭേദഗതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഡിസംബര്‍ 30 ആണ് അസാധുവായ നോട്ടുകള്‍ ബാങ്കുകളില്‍ നിക്ഷേപിക്കാന്‍ കഴിയുന്ന അവസാന ദിനം. റിസര്‍വ് ബാങ്കിന്റെ പ്രത്യേക ബ്രാഞ്ചുകളില്‍ മാര്‍ച്ച് 31 വരെ അസാധുവായ നോട്ടുകള്‍ മാറ്റാമെന്നും കേന്ദ്രം നേരത്തെ വ്യക്തമാക്കിയിരുന്നു.
Discussion about this post