ന്യൂഡല്‍ഹി: ഇറ്റാലിയന്‍ ബിസിനസ്സുകാരന്‍ ഒട്ടോവിയോ ക്വത്‌റോച്ചിക്ക് എതിരായ സി.ബി.ഐ. കേസ് അവസാനിപ്പിക്കാന്‍ ഡല്‍ഹി കോടതി അനുമതി നല്‍കി. ക്വത്‌റോച്ചിയെ ഇന്ത്യ വിചാരണ ചെയ്യാന്‍വേണ്ടി നിരന്തരം ശ്രമം നടത്തിയിട്ടും വിട്ടുകിട്ടാത്ത സാഹചര്യത്തിലാണ് കേസ് പിന്‍വലിക്കാന്‍ അനുമതി തേടി സി.ബി.ഐ. കോടതിയെ സമീപിച്ചത്. സി.ബി.ഐയുടെ ആവശ്യം കോടതി അംഗീകരിച്ചു.
2003ല്‍ മലേഷ്യയില്‍ നിന്നും 2007ല്‍ അര്‍ജന്റീനയില്‍ നിന്നും ക്വത്‌റോച്ചിയെ വിട്ടുകിട്ടാനുള്ള സി.ബി.ഐ.യുടെ ശ്രമമാണ് പരാജയപ്പെട്ടത്. 1986ല്‍ നടന്ന ബൊഫോഴ്‌സ് തോക്കിടപാടില്‍ ക്വത്‌റോച്ചിയും വിന്‍ഛദ്ദയും കൂടി 61 കോടിരൂപ കോഴവാങ്ങിയെന്നാണ് കേസ്. 1990 ജനവരി 20നാണ് സി.ബി.ഐ. കേസ് രജിസ്റ്റര്‍ ചെയ്തത്.
രാജ്യത്ത് രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ച ബൊഫോഴ്‌സ് കോഴക്കേസിനാണ് ഇതോടെ അവസാനമാകുന്നത്. തീസ്ഹസാരി കോടതിയിലെ ചീഫ് മെട്രൊപൊളീറ്റന്‍ മജിസ്‌ട്രേറ്റ് കാവേരി ബവേജയ്ക്ക് മുമ്പാകെയാണ് സി.ബി.ഐ കേസ് പിന്‍വലിക്കാന്‍ അനുമതി തേടി അപേക്ഷ നല്‍കിയത്. കേസ് അവസാനിപ്പിക്കാനുള്ള സി.ബി.ഐ. നീക്കത്തിനെതിരെ അഡ്വ. അജയ് അഗര്‍വാള്‍ ഹര്‍ജി നല്‍കിയിരുന്നു. എന്നാല്‍ ഇതിനെ സി.ബി.ഐ കോടതിയില്‍ എതിര്‍ത്തു. ക്വത്‌റോച്ചിക്കെതിരായ കേസ് അവസാനിപ്പിക്കാന്‍ തീരുമാനിച്ചതായികേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചിരുന്നു. ബൊഫോഴ്‌സ് തോക്കിടപാടില്‍ 64 കോടി രൂപ കമ്മീഷന്‍ കൈമറിഞ്ഞതുമായി ബന്ധപ്പെട്ട കേസില്‍ കുറ്റാരോപിതനായ ക്വത്‌റോച്ചിയെ വിട്ടുകിട്ടാനുള്ള എല്ലാ ശ്രമവും പരാജയപ്പെട്ടുവെന്നും ബൊഫോഴ്‌സ് കേസില്‍ അഴിമതി തെളിയിക്കപ്പെട്ടിട്ടില്ലെന്ന ഡല്‍ഹി ഹൈക്കോടതിയുടെ 2004ലെ വിധിയുടെകൂടി അടിസ്ഥാനത്തിലുമാണ് കേസ് അവസാനിപ്പിക്കാന്‍ സി.ബി.ഐ. തീരുമാനിച്ചത്.
Discussion about this post