തിരുവനന്തപുരം: റോഡ് സുരക്ഷാ നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകണമെന്ന് സഹകരണ, ടൂറിസം, ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ദേശീയ റോഡ് സുരക്ഷാവാരാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കനകക്കുന്നില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
റോഡ് സുരക്ഷയ്ക്കായി കാംപെയ്‌നുകള്‍ നടത്തുന്നത് നല്ലതാണ്. സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെയും മറ്റും സര്‍ക്കാര്‍ നിരവധി കാംപെയ്‌നുകളും പ്രചാരണപരിപാടികളും നിരന്തരമായി നടപ്പാക്കുന്നതുകൊണ്ടുകൂടിയാണ് നമ്മുടെ നാട്ടില്‍ റോഡ് അപകടനിരക്ക് കുറഞ്ഞു കാണുന്നത്. എന്നാല്‍ റോഡില്‍ നിയമ ലംഘനം നടത്തുകയും അലസമായി വാഹനങ്ങള്‍ കൈകാര്യം ചെയ്യുകയും ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നിയമനടപടിവേണം. വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ റോഡ് സുരക്ഷാ സന്ദേശങ്ങളും പ്രചാരണപ്രവര്‍ത്തനങ്ങളും തുടരേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.
മേയര്‍ വി.കെ. പ്രശാന്ത് റോഡ് സുരക്ഷാപ്രതിജ്ഞ ചൊല്ലിയ ശേഷം മുഖ്യ പ്രഭാഷണം നടത്തി. കെ. മുരളീധരന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ആനന്ദകൃഷ്ണന്‍, സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ, കോര്‍പറേഷന്‍ കൗണ്‍സിലര്‍മാരായ ഐഷ ബേക്കര്‍, പാളയം രാജന്‍, നാറ്റ്പാക് ഡയറക്ടര്‍ ഡോ. ബി.ജി. ശ്രീദേവി, ജോയിന്റ് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ രാജീവ് പുത്തലത്ത് എന്നിവര്‍ പ്രസംഗിച്ചു.
Discussion about this post