തിരുവനന്തപുരം: കൊച്ചിന്‍ മുസിരിസ് ബിനാലെക്ക് സ്ഥിരം വേദി ഒരുക്കുമെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ഇതു സംബന്ധിച്ച് മുഖ്യമന്ത്രി ബിനാലെയുടെ ഉദ്ഘാടനസമ്മേളനത്തില്‍ അറിയിച്ചിരുന്നു.
കേരളത്തിന്റെ ടൂറിസം രംഗത്തെ കവാടമായി കൊച്ചി മുസിരിസ് ബിനാലെ ചുരുങ്ങിയ കാലംകൊണ്ട് മാറിയതായും മന്ത്രി അഭിപ്രായപ്പെട്ടു. കൊച്ചി മുസിരിസ് ബിനാലെ മൂന്നാം എഡിഷന്‍ തുടങ്ങി ഒരുമാസം കഴിഞ്ഞപ്പോള്‍ തന്നെ സന്ദര്‍ശകരുടെ എണ്ണം രണ്ട് ലക്ഷം കവിഞ്ഞു. ബിനാലെ അവസാനിക്കാന്‍ രണ്ടരമാസം ബാക്കിയുള്ളപ്പോഴാണ് മുന്‍വര്‍ഷത്തെ അപേക്ഷിച്ച് വമ്പിച്ച ജനപങ്കാളിത്തം കൊണ്ട് ബിനാലെ ശ്രദ്ധേയമാകുന്നത്. വിദേശത്തുള്‍പ്പെടെ മാര്‍ക്കറ്റ് ചെയ്ത് ഭാവിയില്‍ സംസ്ഥാനത്തെ ടൂറിസം വികസനത്തിന് സഹായകരമാകുംവിധം ബിനാലെയെ മാറ്റുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. ആദ്യമാസം തന്നെ ഇത്രയുംപേര്‍ ബിനാലെ കാണാനെത്തിയത് ഇതിന്റെ ജനകീയ സ്വഭാവം വിളിച്ചോതുന്നതാണെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു. കേരളത്തിന്റെ ടൂറിസം മേഖലയില്‍ ബിനാലെ നല്‍കിയ ഉണര്‍വ് ചെറുതല്ല. ബിനാലെയോട് അനുബന്ധിച്ച് നടത്തിയ സെമിനാറുകള്‍, ചലച്ചിത്ര പ്രദര്‍ശനങ്ങള്‍, സംഗീത നൃത്ത പ്രകടനങ്ങള്‍ എന്നിവയ്ക്കും മികച്ച ജനപങ്കാളിത്തമാണുള്ളതെന്ന് അദ്ദേഹം പറഞ്ഞു.
Discussion about this post