ന്യൂഡല്‍ഹി: ഇന്ത്യയുമായി ചര്‍ച്ച തുടരണമെങ്കില്‍ പാകിസ്ഥാന്‍ ആദ്യം ഭീകരവാദം ഉപേക്ഷിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കി. ഡല്‍ഹിയില്‍ ‘റൈസിന ഡയലോഗില്‍’ സംസാരിക്കുകയായിരുന്നു അദ്ദേഹം. 69 രാജ്യങ്ങളില്‍ നിന്നായി 250ഓളം പ്രതിനിധികള്‍ പങ്കെടുക്കുന്ന വിപുലമായ സമ്മേളനമാണ് റൈസിന ഡയലോഗ്.
പാകിസ്ഥാന്‍ ഭീകരവാദത്തില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കണം. ഭാരതത്തിനു മാത്രമായി സമാധാനം സ്ഥാപിക്കുവാനാകില്ല. സമാധാനത്തിലേക്കുളള പാതയില്‍ ഭാരതത്തിന് ഒറ്റയ്ക്കു സഞ്ചരിക്കാനാകില്ല, അയല്‍പക്കത്തുനിന്നും ഭീകരവാദം കയറ്റുമതി ചെയ്യപ്പെടുകയാണ്; അദ്ദേഹം പറഞ്ഞു.
ഭീകരവാദ വിഷയത്തില്‍ പാകിസ്ഥാന്റെ നിഷേധാത്മക സമീപനം അപകടകരമാം വിധമാണ്. മുഴുവന്‍ സൗത്ത് ഏഷ്യന്‍ രാജ്യങ്ങളുമായും സമാധാനത്തിലും, സൗഹാര്‍ദ്ദത്തിലും വര്‍ത്തിക്കുവാനാണ് ഭാരതം ആഗ്രഹിക്കുന്നത്. എല്ലാ രാജ്യങ്ങളുടേയും താല്പര്യങ്ങളെ എല്ലാവരും മാനിക്കണം. അദ്ദേഹം ചൂണ്ടിക്കാട്ടി. പരസ്പരമുളള പാലങ്ങള്‍ പുനഃസ്ഥാപിക്കുന്നതില്‍ കൂടുതല്‍ ശ്രദ്ധയൂന്നേണ്ടതുണ്ടെന്നും, മതങ്ങളെ ഭീകരവാദത്തില്‍ നിന്നും മുക്തമാക്കേണ്ടതുണ്ടെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
ഈ നൂറ്റാണ്ട് ഏഷ്യയുടേതാണ്. ഭാരതത്തിലെ ജനങ്ങള്‍ ഈ സര്‍ക്കാരിനെ വലിയൊരു മാറ്റത്തിന്റെ ചുമതലയാണ് ഏല്‍പ്പിച്ചിരിക്കുന്നത്. അത് കേവലം അഭിപ്രായത്തിലോ നിലപാടിലോ ഉളള മാറ്റം മാത്രമല്ല മറിച്ച് മനോഭാവത്തില്‍ക്കൂടിയുളള മാറ്റമാണ്. ധീരവും, വ്യക്തവുമായ തീരുമാനങ്ങളെടുക്കാനുളള മാറ്റമാണത്; അദ്ദേഹം പറഞ്ഞു.
സാമ്പത്തികവും, സാമൂഹികവുമായ പരിവര്‍ത്തനം നടപ്പിലാക്കുന്നതിനുളള ചുമതലയാണ് സര്‍ക്കാരിനുളളത്. ആ പരിവര്‍ത്തനത്തില്‍ രാജ്യത്തെ യുവസമൂഹത്തിന്റെ അഭിലാഷങ്ങളും, ശുഭപ്രതീക്ഷയും കോടിക്കണക്കിന് ജനങ്ങളുടെ കരുത്തും ഉള്‍ച്ചേര്‍ന്നിരിക്കുന്നു. സാമ്പത്തിക വളര്‍ച്ച, കര്‍ഷകരുടെ ക്ഷേമം, തൊഴിലവസരങ്ങള്‍, രാജ്യസുരക്ഷ തുടങ്ങി ലോകത്തിന്റെ വികസനത്തിലൂടെ നടപ്പിലാക്കേണ്ട സമസ്യകളുണ്ട്. ലോകത്തിന്റെ പുരോഗതി ഭാരതം എത്രമാത്രം ആഗ്രഹിക്കുന്നുവോ, അത്രമാത്രം ലോകവും ഭാരതത്തിന്റെ പുരോഗതി കാംക്ഷിക്കുന്നുണ്ട്.
അക്രമം, ഭീകരപ്രവര്‍ത്തനങ്ങള്‍ എന്നിവ പല ദിശകളിലും വര്‍ദ്ധിച്ചു വരുന്ന സാഹചര്യമുണ്ട്. ഇതിനെതിരേ രാഷ്ട്രീയവും, സൈനികവുമായ ശക്തി വിന്യസിക്കേണ്ടതുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. സമഗ്രമായ പുരോഗതിക്കായി രാജ്യങ്ങള്‍ തമ്മിലുളള ബന്ധം രൂപപ്പെടുത്തിയെടുക്കെണ്ടതുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തെക്കേ ഏഷ്യയിലെ ജനസമൂഹം രക്തം കൊണ്ടും ചരിത്രം കൊണ്ടും പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നു. അനുദിനം വളരുന്ന സുസ്ഥിരവും, പരസ്പരം കൂട്ടിയിണക്കുന്നതുമായ അയല്‍പക്കം എന്നതാണ് തന്റെ സ്വപ്നമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
ഗള്‍ഫ് രാജ്യങ്ങളടക്കം വിവിധ ലോകരാഷ്ട്രങ്ങളുമായി കൂടിച്ചേര്‍ന്നുളള ഭാരതത്തിന്റെ വിവിധ പ്രവര്‍ത്തനങ്ങളെക്കുറിച്ചു വിശദീകരിച്ച പ്രധാനമന്ത്രി, യെമന്‍ അടക്കമുളളയിടങ്ങളില്‍ ഭാരതം വിജയം കൈവരിച്ച ജീവന്‍ രക്ഷാ ദൗത്യങ്ങളേക്കുറിച്ചും ചൂണ്ടിക്കാട്ടി.
Discussion about this post