തിരുവനന്തപുരം: ഹരിതകേരളസന്ദേശങ്ങള്‍ ഫലപ്രദമായി ജനങ്ങളിലെത്തിക്കാന്‍ കുട്ടിക്കൂട്ടങ്ങളുടെ കൂട്ടുതേടുകയാണ് ജില്ലാ ഭരണകൂടം. ചെറിയൊരു പ്രദേശമോ, ജലാശയമോ, പാര്‍ക്കോ, കടല്‍ത്തീരഭാഗമോ ദത്തെടുത്ത് സ്വന്തമെന്നപോലെ പരിപാലിക്കാമെന്നുള്ള മികച്ച ആശയമാണ് എന്‍.സി.സി, എന്‍.എസ്.എസ്, സ്റ്റുഡന്റ് പോലീസ് കേഡറ്റ് എന്നിവരുടെ പ്രതിനിധികളുമായി ജില്ലാ കളക്ടര്‍ എസ്. വെങ്കടേസപതിയും സബ്കളക്ടര്‍ ഡോ എസ് ദിവ്യ എസ് അയ്യരും കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ വിളിച്ചു ചേര്‍ത്ത പ്രത്യേക യോഗത്തില്‍ പങ്കുവെച്ചത്.
സംസ്ഥാനത്ത് നടന്ന 15000 ഹരിതകേരള പ്രവൃത്തികളില്‍ 3500 എണ്ണം ചെയ്ത് തലസ്ഥാനജില്ല അഭിമാന നേട്ടം കൈവരിച്ചെന്നും കളക്ടര്‍ പറഞ്ഞു. എന്‍.സി.സി, എന്‍.എസ്.എസ് തുടങ്ങിയവയുടെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ മണ്ണ് ജലസംരക്ഷണം ശുചീകരണം ഹരിതവത്കരണം തുടങ്ങിയ പ്രവൃത്തികള്‍ ചെയ്യുന്നുണ്ടെങ്കിലും അവയൊന്നും ഹരിതകേരളമിഷന്റെ ഭാഗമായി ഇടം പിടിച്ചില്ല. കുട്ടികള്‍ ഈ മിഷന്റെ ഭാഗമായി മാറണമെന്നും അവരിലൂടെ ഹരിതകേരള സന്ദേശങ്ങള്‍ മികച്ച രീതിയില്‍ മുതിര്‍ന്നവരിലെത്തിക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. സ്‌കൂളുകളുടെയോ,കോളേജിന്റെയോ പരിസരപ്രദേശങ്ങളിലെ ഒരു പ്രത്യേക പ്രദേശം തെരഞ്ഞെടുത്ത് അവിടുത്തെ ശുചിത്വം, ഹരിതാഭമാക്കല്‍, ബോധവത്കരണം, ജലസ്രോതസ്സുകളുടെ സംരക്ഷണം, പ്‌ളാസ്റ്റിക് രഹിതമാക്കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളുടെ ചുമതല ബന്ധപ്പെട്ട സ്ഥാപനവും കുട്ടികളും ഏറ്റെടുക്കണം. ഹരിതനഗരം എന്ന ആശയം അതിന്റെ ശരിയായ തലത്തില്‍ തലസ്ഥാനനഗരത്തില്‍ നടപ്പാക്കണമെന്നും നിലവിലുള്ള പച്ചപ്പെങ്കിലും നഷ്ടപ്പെടാതെ നിലനിര്‍ത്തണമെന്നും കളക്ടര്‍ പറഞ്ഞു.
ബോധവത്കരണത്തിലൂടെ ശീലവത്കരണമാണ് ലക്ഷ്യമിടുന്നതെന്നും തുടര്‍ചലനങ്ങള്‍ സൃഷ്ടിക്കാനും സുസ്ഥിരമായ മാറ്റത്തിനും അതിലൂടെ മാത്രമേ സാധ്യമാവൂ എന്നും സബ് കളക്ടര്‍ ഡോ ദിവ്യ എസ് അയ്യര്‍ പറഞ്ഞു. ഒരു സ്ഥാപനത്തിലെ കുട്ടികള്‍ മാത്രമായോ രണ്ടോ അതിലധികമോ സ്‌കൂളുകളോ കോളേജുകളോ ചേര്‍ന്ന് പൊതുഇടങ്ങളോ ജലസ്രോതസ്സുകളോ ഏറ്റെടുത്ത് സംരക്ഷിക്കുന്ന രീതിയില്‍ പ്രവര്‍ത്തനങ്ങള്‍ വിഭാവനം ചെയ്യാം. തന്റേതെന്ന തോന്നല്‍ ജനിപ്പിക്കാന്‍ ഇത്തരം ദത്തെടുക്കല്‍ പ്രക്രിയയിലൂടെ സാധിക്കുമെന്നും അതിലൂടെ തുടര്‍സംരക്ഷണം ഉറപ്പാക്കാന്‍ സാധിക്കുമെന്നും അവര്‍ പറഞ്ഞു. ഡി.റ്റി.പി.സിയുമായി ചേര്‍ന്നാണ് ഈ പദ്ധതി നടപ്പാക്കുന്നത്. കുട്ടികളില്‍ നിന്ന് അംബാസിഡര്‍മാരെ തിരഞ്ഞെടുത്ത് പരിശീലനം നല്‍കി അവര്‍ വഴി പദ്ധതി നടപ്പാക്കുകയാണ് ചെയ്യുക. സ്ഥലപരിമിതികളെ മറികടക്കുന്ന വെര്‍ട്ടിക്കല്‍ ഗാര്‍ഡന്‍ പോലുള്ള നൂതന രീതികള്‍ പരിശീലിക്കുന്നതിനും അത് മറ്റുള്ളവരിലേക്ക് പകര്‍ന്നു നല്‍കുന്നതിനുമുള്ള അവസരങ്ങള്‍ പരിശീലനത്തിന്റെ ഭാഗമായി ഒരുക്കുമെന്നും സബ്കളക്ടര്‍ പറഞ്ഞു.
ഡി റ്റി പി സി സെക്രട്ടറി പ്രശാന്ത്, വിവിധ വിദ്യാഭ്യാസസ്ഥാപനങ്ങളിലെ എന്‍ സി സി, എന്‍ എസ് എസ്, എസ് പി സി കോ ഓര്‍ഡിനേറ്റര്‍മാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു.
Discussion about this post