ശബരിമല: മണ്ഡല മകരവിളക്ക് സീസണില്‍ ഭക്തരുടെ തൃപ്തി ഉറപ്പു വരുത്താന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കഴിഞ്ഞതായും ഉത്‌സവകാലം വന്‍ വിജയമായതായും ദേവസ്വംബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു.
സര്‍ക്കാരും ദേവസ്വം ബോര്‍ഡും വിവിധവകുപ്പുകളും കൈകോര്‍ത്ത് പ്രവര്‍ത്തിച്ചതിന്റെ ഫലമാണിത്. മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദ്ദേശം മാനിച്ച് ദര്‍ശന സമയം പ്രതിദിനം അഞ്ച് മണിക്കൂര്‍ ദീര്‍ഘിപ്പിച്ചു. കോടതി വിധിയെ ആദരിച്ച് അന്നദാനം ദേവസ്വം ബോര്‍ഡ് ഏറ്റെടുത്തു. സന്നിധാനത്ത് 2000 ഇരിപ്പിടങ്ങളോടു കൂടിയ അന്നദാനശാലയാണ് ഒരുക്കിയത്. അഞ്ച് നേരം പ്രതിദിനം 40,000 പേര്‍ക്ക് ഭക്ഷണം കഴിക്കാനുള്ള സജ്ജീകരണങ്ങളാണുണ്ടായിരുന്നത്. സമാനമായ സംവിധാനം പമ്പയിലും ഒരുക്കിയിരുന്നു. ആയിരം ഇരിപ്പിടത്തോടു കൂടിയ അന്നദാന മണ്ഡപമായിരുന്നു പമ്പയിലേത്.
പ്ലാസ്റ്റിക് മുക്ത ശബരിമലയെന്ന കീര്‍ത്തിയും ഈ മണ്ഡല മകരവിളക്കു കാലത്ത് നേടി. ശബരിമലയിലെത്തുന്ന ലക്ഷക്കണക്കിന് തീര്‍ത്ഥാടകര്‍ക്ക് കുടിവെള്ളം നല്‍കുക എന്നതായിരുന്നു കുപ്പിവെള്ളത്തിന് നിരോധനം ഏര്‍പ്പെടുത്തിയപ്പോഴുണ്ടായ പ്രതിസന്ധി. കൊടും വേനലായിട്ടും നിലയ്ക്കല്‍ മുതല്‍ സന്നിധാനം വരെ ഒരിടത്തും കുടിവെള്ള ക്ഷാമം ഉണ്ടായില്ല. പ്രതിദിനം നാലു ലക്ഷം ലിറ്റര്‍ ശുദ്ധീകരിച്ച പച്ചവെള്ളവും രണ്ടു ലക്ഷം ലിറ്റര്‍ ചുക്കുവെള്ളവും തീര്‍ത്ഥാടകര്‍ക്ക് വിതരണം ചെയ്തു. എരുമേലി, അഴുത, കരിമല, വലിയാനവട്ടം, സത്രം, പുല്‍മേട്, കഴുതക്കൊക്ക, പാണ്ടിത്താവളം എന്നിങ്ങനെയുള്ള കാനന പാതകളില്‍ ഭക്ഷണവും കുടിവെള്ളവും ദേവസ്വം എത്തിച്ചു. ദിവസവും നല്‍കുന്ന അന്നദാനത്തിനു പുറമെ മകരവിളക്ക് ദിവസം സന്നിധാനത്ത് പാളപ്ലേറ്റില്‍ ഒരു ലക്ഷം പേര്‍ക്ക് ഭക്ഷണം നല്‍കി.
സന്നിധാനത്തെത്തുന്ന തീര്‍ത്ഥാടകര്‍ ഇരുമുടിക്കെട്ടില്‍ കൊണ്ടുവരുന്ന നെയ്‌തേങ്ങ എവിടെ ഉടയ്ക്കണമെന്നറിയാതെ ബുദ്ധിമുട്ടുന്ന അവസ്ഥയ്ക്ക് ഇത്തവണ പരിഹാരം കണ്ടു. നെയ്‌തേങ്ങ ഉടയ്ക്കാന്‍ വാക്കത്തി ഘടിപ്പിച്ച നാലു നെയ്‌തോണികളുണ്ടായിരുന്നു. ഇതില്‍ സംഭരിക്കുന്ന നെയ് ഉപയോഗിച്ച് എല്ലാ ദിവസവും ഉച്ചയ്ക്ക് 11.30ന് അയ്യപ്പന് അഭിഷേകം നടത്തി. തങ്ങള്‍ കൊണ്ടുവരുന്ന നെയ്‌ത്തേങ്ങയിലെ ഒരു തുള്ളി നെയ്യെങ്കിലും ഭഗവാന് നേദിക്കാനായെന്ന കൃതാര്‍ത്ഥതയോടെയാണ് ഭക്തര്‍ മലയിറങ്ങിയത്. അഭിഷേക പ്രസാദമായ 200 മില്ലീലിറ്റര്‍ നെയ് വാങ്ങി മടങ്ങാനും അവസരമുണ്ടായി.
മണ്ഡല മകരവിളക്ക് സീസണിന് മുന്‍പ് ശബരിമല പൂങ്കാവനത്തിലെ 18 മലകള്‍ സന്ദര്‍ശിച്ച് ആദിവാസികള്‍ക്ക് ഓണപ്പുടവ നല്‍കി. അവരുടെ ആവശ്യപ്രകാരം 41 ആദിവാസികളെ ശബരിമലയില്‍ താത്കാലിക ജീവനക്കാരായി നിയമിച്ചു. അപ്പം, അരവണ പ്രസാദം വാങ്ങുന്നതിന് നോട്ടു നിരോധനം സൃഷ്ടിച്ച പ്രതിസന്ധി മറികടക്കാന്‍ ഡിജിറ്റല്‍ പണമിടപാട് സംവിധാനം നടപ്പാക്കി. നിരോധിക്കപ്പെട്ട നോട്ടുകള്‍ അയ്യപ്പന് കാണിക്കയായി ആരും ഭണ്ഡാരത്തില്‍ നിക്ഷേപിച്ചില്ലെന്നതാണ് മറ്റൊരു വസ്തുത. ഉത്‌സവ കാലം വിജയിപ്പിക്കാന്‍ കഠിനാധ്വാനം ചെയ്ത നിരവധി പേരുണ്ട്. ശബരിമല മണ്ഡല മകരവിളക്ക് വിജയിപ്പിക്കാന്‍ സഹായിച്ച സംസ്ഥാന സര്‍ക്കാര്‍, വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍, ദേവസ്വം ഉദ്യോഗസ്ഥര്‍, താത്ക്കാലിക, ദിവസ വേതന ജീവനക്കാര്‍ എല്ലാവര്‍ക്കും ഈ അവസരത്തില്‍ നന്ദി അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു.
Discussion about this post