തിരുവനന്തപുരം: പുതിയ മോട്ടോര്‍ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുമ്പോഴും പേര് മാറുമ്പോഴും മറ്റുമുള്ള സേവനങ്ങള്‍ക്ക് അധിക നിരക്ക് ഈടാക്കുന്നതുമായി ബന്ധപ്പെട്ട അപാകതകള്‍ പരിഹരിച്ചതായി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ അറിയിച്ചു. കേന്ദ്ര ഉപരിതല ഗതാഗത വകുപ്പിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ലൈസന്‍സ്, രജിസ്‌ട്രേഷന്‍, അനുബന്ധ സര്‍വീസുകള്‍ എന്നിവയ്ക്ക് ഫീസ് വര്‍ധിപ്പിച്ചത്.
ഉത്തരവ് പ്രകാരം സ്മാര്‍ട്ട് കാര്‍ഡ് ടൈപ്പ് ഡ്രൈവിംഗ് ലൈസന്‍സിന് 200 രൂപ അധികമായി ഈടാക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. എന്നാല്‍ ഡ്യൂപ്ലിക്കേറ്റ് ഡ്രൈവിംഗ് ലൈസന്‍സിന് കേരള മോട്ടോര്‍ വാഹന ചട്ടത്തിലെ ചട്ടം 34 പ്രകാരമുള്ള പഴയ ഫീസ് മാത്രമേ ഈടാക്കുകയുള്ളൂ. ഓണ്‍ലൈന്‍ അപേക്ഷിക്കുമ്പോള്‍ അപാകതകളുണ്ടെങ്കില്‍ പരിഹരിക്കും. കാലാവധി കഴിഞ്ഞ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ്, ലൈസന്‍സ് എന്നിവ പുതുക്കുമ്പോള്‍ വാങ്ങുന്ന അധിക ഫീസ് നിരക്ക് 2016 ഡിസംബര്‍ 29 മുതല്‍ മാത്രമേ ഈടാക്കുന്നുള്ളൂ. ഇതുമായി ബന്ധപ്പെട്ട ഓണ്‍ലൈന്‍ ആപ്ലിക്കേഷന്‍ അപാകതകള്‍ പരിഹരിച്ചിട്ടുണ്ടെന്നും ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ അറിയിച്ചു.
Discussion about this post