ന്യൂഡല്‍ഹി: ഇന്നു പുലര്ച്ചെയന്തരിച്ച ഇ അഹമ്മദ് എം.പിയ്ക്ക് അന്തിമോപചാരമര്‍പ്പിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇ അഹമ്മദിന്റെ ഔദ്യോഗിക വസതിയിലെത്തി. മുന്‍ കേന്ദ്രമന്ത്രി കൂടിയായ ഇ അഹമ്മദിന്റെ ഭൗതികശരീരത്തില്‍ പ്രധാനമന്ത്രി പുഷ്പചക്രമര്‍പ്പിച്ചു.
അതീവജാഗ്രതയോടെ രാഷ്ട്രസേവനം ചെയ്തിരുന്ന മുതിര്‍ന്ന രാഷ്ട്രീയനേതാവായിരുന്ന ഇ അഹമ്മദിന്റെ നിര്യാണം ദുഃഖകരമാണെന്ന് പ്രധാനമന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു. കേരളത്തില്‍ വികസനമെത്തിക്കുന്നതില്‍ അദ്ദേഹത്തിന്റെ പങ്ക് നിര്‍ണ്ണായകമായിരുന്നുവെന്നും പടിഞ്ഞാറേ ഏഷ്യന്‍ രാജ്യങ്ങളുമായുളള ഭാരതത്തിന്റെ ബന്ധം സുദൃഢമാക്കുന്നതില്‍ അദ്ദേഹം വഹിച്ച പങ്ക് എടുത്തു പറയത്തക്കതാണെന്നും പ്രധാനമന്ത്രി അനുസ്മരിച്ചു. മുസ്ലീം സമുദായത്തിന്റെ ഉന്നമനത്തിനു വേണ്ടി ഇ അഹമ്മദ് നടത്തിയ ശ്രമങ്ങള്‍ സ്മരിക്കപ്പെടുമെന്നും പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.
Discussion about this post