തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയില്‍ ഒരു വിഭാഗം ജീവനക്കാര്‍ നടത്തിയ സമരം സര്‍വീസുകളെ ഭാഗികമായി മാത്രമാണ് ബാധിച്ചതെന്ന് ഗതാഗതമന്ത്രി. സംസ്ഥാനത്ത് ആകെ 2489 ബസുകള്‍ രാവിലെ സര്‍വീസ് നടത്തി. ജീവനക്കാരുടെ പിക്കറ്റിംഗ്, ബസുകള്‍ കേടുവരുത്താല്‍ എന്നിവമൂലം തടസ്സപ്പെട്ട സര്‍വീസുകളില്‍ ബാക്കി വരുന്നവ ഭൂരിപക്ഷവും ഉച്ചയോടെ സര്‍വീസ് ആരംഭിച്ചു.
ബസുകള്‍ കേടുപാടു വരുത്തുകയും സര്‍വീസ് തടസ്സപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ കെ.എസ്.ആര്‍.ടി.സി മാനേജ്‌മെന്റിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. വിവിധ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും കടം വാങ്ങിയാണ് കെ.എസ്.ആര്‍.ടി.സിയില്‍ കഴിഞ്ഞ ആറ് വര്‍ഷത്തോളമായി ശമ്പളം നല്‍കിവരുന്നത്. നിലവില്‍ വാങ്ങുന്ന കടങ്ങള്‍ യഥാവിധി തിരിച്ചടയ്ക്കുന്നത് കൊണ്ടാണ് കെ.എസ്.ആര്‍.ടി.സിക്ക് വീണ്ടും കടം ലഭിക്കുന്നത്. എന്നിരുന്നാലും ധനകാര്യ സ്ഥാപനങ്ങള്‍ അവരുടെ നിയമപരമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മാത്രമേ കടം നല്‍കുകയുളളു. അതിനാലാണ് ഈ മാസത്തെ ശമ്പളം ഏഴിന് നല്കുമെന്നും സ്ഥാപനവുമായി സഹകരിക്കണമെന്നും ജീവനക്കാരോട് അഭ്യര്‍ത്ഥിച്ചത്.
കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍ വിഹിതത്തില്‍ ധനകാര്യ വകുപ്പ് അനുവദിച്ചതില്‍ വന്ന 7.5 കോടി രൂപയുടെ കുറവ് പരിശോധിക്കണമെന്ന് ധനകാര്യ വകുപ്പിനോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. അക്കാര്യത്തില്‍ സര്‍ക്കാര്‍ പെന്‍ഷന്‍കാര്‍ക്ക് അനൂകൂല തീരുമാനമെടുക്കും. പെന്‍ഷന്‍കാരുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്യുന്നതിന് കെ.എസ്.ആര്‍.ടി.സി ചെയര്‍മാന്‍ കൂടിയായ ഗതാഗത സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കിയതായും മന്ത്രി അറിയിച്ചു.
Discussion about this post