തിരുവനന്തപുരം: പരിസ്ഥിതി സാക്ഷരതയ്ക്ക് ഏറ്റവും പ്രാധാന്യം നല്‍കേണ്ട കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നതെന്ന് ജലവിഭവ മന്ത്രി മാത്യു ടി.തോമസ് പറഞ്ഞു. ജില്ലാ സാക്ഷരതാ മിഷന്റെ ആഭിമുഖ്യത്തില്‍ സാക്ഷരതാ പ്രേരക്മാര്‍ക്കായി തിരുവല്ല ബോധനയില്‍ നടക്കുന്ന ദ്വിദിന ശില്‍പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജലലഭ്യത ആശങ്കാജനകമായ രീതിയിലേക്ക് കുറഞ്ഞുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പരിസ്ഥിതി സാക്ഷരതയുടെ ഭാഗമായി ജലസംരക്ഷണം ഉറപ്പുവരുത്തുന്നതിനാവശ്യമായ ബോധവത്ക്കരണം നടത്തുന്നതിനു കഴിയണം. ജലസുരക്ഷ സംബന്ധിച്ച് യാതൊരു പരിഗണനകളും ഇല്ലാതെ കുന്നുകള്‍ ഇടിച്ചുനിരത്തിയും തണ്ണീര്‍ത്തടങ്ങള്‍ നികത്തിയും നടത്തിയ വികലമായ വികസനങ്ങളുടെ അനന്തര ഫലമാണ് ഇന്നു നാം അനുഭവിക്കുന്ന രൂക്ഷമായ ജലക്ഷാമത്തിന് കാരണം. പരിസ്ഥിതി സാക്ഷരതയെ ജലസാക്ഷരത എന്നുവിളിച്ചാല്‍ പോലും തെറ്റില്ലാത്ത ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
അടിസ്ഥാന സാക്ഷരത, ഭിന്നലിംഗക്കാരുടെ സാക്ഷരതതുല്യത, ഇതര സംസ്ഥാന തൊഴിലാളികളുടെ സാക്ഷരത തുടങ്ങി നൂതനമായ പലപ്രവര്‍ത്തനങ്ങളും സാക്ഷരതാ മിഷന്‍ ഏറ്റെടുത്ത് നടത്തുന്നത് അഭിന്ദനാര്‍ഹമാണ്. ഇവയോടൊപ്പം തന്നെ പരിസ്ഥിതി സാക്ഷരതയ്ക്കും മുന്തിയ പരിഗണന നല്‍കിയത് ഏറെ ശ്ലാഘനീയമാണെന്നും അദ്ദേഹം പറഞ്ഞു. വായിക്കാനും എഴുതാനും നേടിയിട്ടുള്ള കഴിവ് മനസിനെ മരവിപ്പിക്കുന്ന കാര്യങ്ങള്‍ മനസിലാക്കാനാണ് ഉപയോഗപ്പെടുത്തുന്നതെങ്കില്‍ അത്തരം സാക്ഷരത നിരര്‍ത്ഥകമാണ്. എഴുത്തും വായനയും ശീലിച്ചതുകൊണ്ടുമാത്രം എല്ലാവരും സാക്ഷരരായി എന്ന ധാരണ ശരിയല്ലെന്നും പഠനം ഒരു തുടര്‍പ്രക്രിയയാണെന്നും സമൂഹത്തിനു ഗുണകരമായ രീതിയില്‍ നേടിയ അറിവുകളെ പ്രയോഗിക്കാന്‍ കഴിയുമ്പോഴാണ് സാക്ഷരത അതിന്റെ യഥാര്‍ഥ ലക്ഷ്യം കൈവരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി അധ്യക്ഷത വഹിച്ചു. നഗരസഭാ ചെയര്‍മാന്‍ കെ.വി വര്‍ഗീസ് മുഖ്യാതിഥിയായിരുന്നു. കൗണ്‍സിലര്‍ ഷേര്‍ലി ഷാജി, സംസ്ഥാന സാക്ഷരതാ മിഷന്‍ ഡയറക്ടര്‍ ഡോ.പി.എസ് ശ്രീകല, അസിസ്റ്റന്റ് ഡയറക്ടര്‍ യു.റഷീദ്, ജില്ലാ സാക്ഷരതാ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ ആര്‍.രമേഷ്‌കുമാര്‍, അസിസ്റ്റന്റ് കോ ഓര്‍ഡിനേറ്റര്‍മാരായ കെ.ജി ബേബി ഗിരിജ, ആര്‍.സിംല തുടങ്ങിയവര്‍ പങ്കെടുത്തു.
Discussion about this post