തൃശൂര്‍: കാര്‍ഷികമേഖലയില്‍ കൃഷിക്കാര്‍ക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ അവര്‍ക്കുതന്നെ ലഭിക്കണമെന്ന് കൃഷിവകുപ്പ് മന്ത്രി അഡ്വ. വി എസ് സുനില്‍കുമാര്‍ പറഞ്ഞു. കേരള കാര്‍ഷിക സര്‍വ്വകലാശാല മണ്ണുത്തി കാര്‍ഷിക ഗവേഷണകേന്ദ്രം, നബാര്‍ഡ് എന്നിവയുടെ ആഭിമുഖ്യത്തില്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നടപ്പാക്കുന്ന അമൃതോദ്യാനം പുനരുജ്ജീവനപദ്ധതി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പലപ്പോഴും കൃഷിക്കാര്‍ക്കു ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ പലരീതിയില്‍ പലവഴിക്കുപോകുന്നതായി കാണുന്നു. ഇതിനുമാറ്റമുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.
ഫലവൃക്ഷങ്ങളുടെ മാതൃകാതോട്ടനിര്‍മ്മാണവും നൂതന സാങ്കേതിക വിദ്യയിലൂടെ പച്ചക്കറിതൈക്കള്‍ ഉല്പാദിപ്പിക്കുന്നതിനുള്ള പരിശീലനവും സുരക്ഷിതപഴംപച്ചക്കറി ഉല്പാദനവുമാണ് നബാര്‍ഡിന്റെ സാമ്പത്തിക സഹായത്തോടെ നടപ്പാക്കുന്ന പദ്ധതിയുടെ ലക്ഷ്യം. അതോടൊപ്പം അന്തേവാസികള്‍ക്ക് തൊഴില്‍, മാനസീകോല്ലാസം, സുരക്ഷാബോധം എന്നിവ കൈവരിക്കാനും ഇതുകൊണ്ടുദ്ദേശിക്കുന്നു.
നബാര്‍ഡ് ജനറല്‍ മാനേജര്‍ പി ബാലചന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. കേരള കാര്‍ഷികസര്‍വ്വകലാശാല റിട്ട. പ്രൊഫസര്‍ ഡോ. യു ജയകുമാരനെ മന്ത്രി പൊന്നാട അണിയിച്ച് ആദരിച്ചു. ജില്ലാ കളക്ടര്‍ ഡോ. എ കൗശിഗന്‍ മുഖ്യാതിഥിയായിരുന്നു. ഡോ. എസ് എസ്റ്റാലിറ്റ മുഖ്യപ്രഭാഷണം നടത്തി. മുനിസിപ്പല്‍ കൗണ്‍സിലര്‍ സുരേഷ്‌കുമാര്‍, ആര്‍ കനകാംബരന്‍, ഡോ. യു ശ്രീലത, സെന്‍ട്രല്‍ ജയില്‍ വെല്‍ഫെയര്‍ ഓഫീസര്‍ ശ്യാമളകുമാരി, സെന്‍ട്രല്‍ ജയില്‍ ജോയിന്റ് സൂപ്രണ്ട് നരേന്ദ്രനാഥ് എം എസ് തുടങ്ങിയവര്‍ ആശംസ നേര്‍ന്നു. കാര്‍ഷികഗവേഷണ കേന്ദ്രം മേധാവി ഡോ. എ ലത പദ്ധതി വിശദീകരണം നടത്തത്തി. ജയല്‍ സൂപ്രണ്ട് വിനോദ്കുമാര്‍ സ്വാഗതവും നബാര്‍ഡ് ഡി ഡി എം ദീപ എസ് പിള്ള നന്ദിയും പറഞ്ഞു.
Discussion about this post