ന്യൂദല്‍ഹി: സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ചര്‍ച്ചകള്‍ക്കായി കെ.പി.സി.സി അധ്യക്ഷന്‍ രമേശ് ചെന്നിത്തല ദല്‍ഹിയിലെത്തി കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുമായി ചര്‍ച്ച നടത്തി. കോണ്‍ഗ്രസിന്റെ മറ്റ് കേന്ദ്ര നേതാക്കളുമായും ചെന്നിത്തല ചര്‍ച്ചകള്‍ നടത്തും. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലെ പ്രാഥമിക ചര്‍ച്ചകളും യു.ഡി.എഫിലെ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ടുള്ള തര്‍ക്കങ്ങളുമാണ് പ്രധാന ചര്‍ച്ചാവിഷയം. യു.ഡി.എഫില്‍ കൂടുതല്‍ സീറ്റുകള്‍ വേണമെന്ന് എല്ലാ ഘടക കക്ഷികളും ആവശ്യപ്പെട്ടിട്ടുണ്ട്. സീറ്റ് വിഭജനം സംബന്ധിച്ച കാര്യങ്ങള്‍ സോണിയയെ അറിയിച്ചുവെന്ന് ചെന്നിത്തല കൂടിക്കാഴ്ചയ്ക്കു ശേഷം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. യു.ഡി.എഫിലെ സീറ്റു വിഭജനം രമ്യമായി പരിഹരിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. ഘടകകക്ഷികള്‍ കൂടുതല്‍ സീറ്റ് ആവശ്യപ്പെടുന്നതില്‍ തെറ്റില്ല. ആദ്യ ഘട്ട ചര്‍ച്ചകള്‍ മാത്രമാണ് ഇപ്പോള്‍ കഴിഞ്ഞിരിക്കുന്നത്. രണ്ടാംഘട്ട ചര്‍ച്ച കഴിയുന്നതോടെ സീറ്റ് വിഭജനം രമ്യമായി പരിഹരിക്കാനുവെന്നും ചെന്നിത്തല പറഞ്ഞു. കോണ്‍ഗ്രസ് പാര്‍ട്ടി എത്ര സീറ്റില്‍ മത്സരിക്കുമോയെന്ന ചോദ്യത്തിന് 140 സീറ്റുകള്‍ കിട്ടിയാലും തികയില്ലെന്നായിരുന്നു ചെന്നിത്തലയുടെ മറുപടി. തെരഞ്ഞെടുപ്പില്‍ യുവാക്കള്‍ക്കും ഇതുവരെ മത്സരിക്കാത്തവര്‍ക്കും പ്രാതിനിധ്യം നല്‍കണമെന്നാണ് കോണ്‍ഗ്രസിന്റെ നിലപാട്. കേരളത്തിന്റെ ചരിത്രത്തില്‍ ഇതുവരെ യുവാക്കള്‍ക്ക് ഇത്രയും പ്രാതിനിധ്യം നല്‍കിയിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതേസമയം പരാതി പറയാന്‍ എല്ലാവര്‍ക്കും അവകാശമുണ്ടെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. മുന്നണിയില്‍ നിന്ന് പോകേണ്ടവര്‍ക്ക് പോകാമെന്ന യു.ഡി.എഫ് കണ്‍വീനറുടെ പ്രസ്താവന ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ തങ്കച്ചന്‍ അങ്ങനെ പറഞ്ഞിട്ടില്ലെന്നായിരുന്നു മറുപടി. ഏറ്റവും കുറഞ്ഞത് 85 സീറ്റുകളിലെങ്കിലും കോണ്‍ഗ്രസ് മത്സരിക്കണമെന്ന താത്പര്യമാണ് സംസ്ഥാന ഘടകം മുന്നോട്ട് വയ്ക്കുന്നത്. ഘടക കക്ഷികള്‍ക്ക് എന്ത്മാത്രം വിട്ടുവീഴ്ച ചെയ്യണമെന്നതിനെക്കുറിച്ച് ചെന്നിത്തല കേന്ദ്ര നേതാക്കളുടെ അഭിപ്രായം തേടും. കോണ്‍ഗ്രസില്‍ നിന്നും ആരോക്കെ മത്സരിക്കണം, യുവാക്കള്‍ക്കും പുതുമുഖങ്ങള്‍ക്കും എത്രമാത്രം പ്രാതിനിധ്യം നല്‍കണം തുടങ്ങിയവയെക്കുറിച്ചുള്ള ചര്‍ച്ചയും ഇന്ന് നടക്കും.
Discussion about this post