പത്തനംതിട്ട/കൊച്ചി : ശബരിമല നട അടച്ചിട്ടിരിക്കുന്ന സമയത്ത് സന്നിധാനത്തെത്തി ചിത്രങ്ങള്‍ എടുത്ത സംഘത്തെക്കുറിച്ച് പോലീസ് ശക്തമായ അന്വേഷണം നടത്തണമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി അഡ്വ.കെ.ഹരിദാസ് ആവശ്യപ്പെട്ടു.
അധികൃതരുടെ അനുവാദം കൂടാതെ ശബരിമലയില്‍ എത്തി നീരീക്ഷണം നടത്തിയ സംഭവത്തില്‍ ദുരൂഹതയുണ്ട്. ശബരിമല തീര്‍ത്ഥാടനം കഴിഞ്ഞാല്‍ ദേവസ്വം ബോര്‍ഡും സര്‍ക്കാരും ശബരിമലക്ഷേത്രത്തെ മറന്നുകളയുന്നതുകൊണ്ടാണ് ഇത്തരം സംഘങ്ങള്‍ക്ക് അനായാസമായി സന്നിധാനത്ത് എത്താന്‍ കഴിയുന്നത്. ശബരിമലയുടെ സുരക്ഷാ പാളിച്ചയിലേക്കാണ് ഈ സംഭവം വിരല്‍ചൂണ്ടുന്നത്. തീര്‍ത്ഥാടനക്കാലം അല്ലാത്തപ്പോഴും സായുധ പോലീസിനെ ശബരിമലയില്‍ ഡ്യൂട്ടിക്കിടണമെന്ന ഹൈന്ദവ സംഘടനകളുടെ ആവശ്യം ഇതുവരേയും സര്‍ക്കാരും ദേവസ്വം ബോര്‍ഡും ഗൗരവമായി എടുത്തിട്ടില്ല. ശബരിമലയില്‍ സായുധ പോലീസിനെ ഡ്യൂട്ടിക്‌ക്‍ഇടണമെന്നും ആദ്ദേഹം ആവശ്യപ്പെട്ടു.
ശബരിമല നട അടച്ച അമയത്ത് സുരക്ഷാ ചട്ടങ്ങള്‍ മറികടന്നുകൊണ്ട് ക്രൈസ്തവ മിഷണറി സംഘം സന്നിധാനത്ത് എത്തിയതില്‍ ദുരൂഹതയുണ്ടെന്ന് വിശ്വഹിന്ദുപരിഷത്ത് മേഖലാ സെക്രട്ടറി എന്‍.ആര്‍.സുധാകരന്‍ ആരോപിച്ചു. നട തുറക്കുന്ന സമയക്കാലയളവില്‍ ജാതിമതഭേദമന്യേ എല്ലാവര്‍ക്കും അയ്യപ്പദര്‍ശനം നടത്താമെന്നിരിക്കെ നട അടച്ചിരിക്കുന്ന സമയം വിനോദസഞ്ചാരികള്‍ക്കുപോലും പ്രവേശനമില്ലാത്ത സന്നിധാനത്ത് മിഷണറി സംഘം എത്തിയത് ഗുരുതരമായ സുരക്ഷാ വീഴ്ചയാണ്.
ശബരിമല പോലുള്ള മഹാക്ഷേത്രത്തില്‍ മണ്ഡലക്കാലത്തുമാത്രം സുരക്ഷാ ക്രമീകരണം നടത്തിയാല്‍ മതിയെന്ന സര്‍ക്കാരിന്റെയും പോലീസിന്റേയും നിലപാട് ശരിയല്ല. ശബരിമലയില്‍ പൂര്‍ണ സമയവും സുരക്ഷാ ക്രമീകരണം ആവശ്യമാണ്.
Discussion about this post