പാലക്കാട്: സ്വാമി നിര്‍മ്മലാനന്ദഗിരിമഹാരാജ് മഹാസമാധിയായി. 86 വയസ്സായിരുന്നു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളേത്തുടര്‍ന്ന് പാലക്കാട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
സംസ്‌കൃതം, വൈദ്യം, മര്‍മ്മ ചികിത്സ തുടങ്ങിയവയില്‍ അഗാധമായ പാണ്ഡിത്യമുണ്ടായിരുന്ന സ്വാമി നിര്‍മ്മലാനന്ദഗിരി മഹാരാജ് ശിവാനന്ദമാര്‍ഗ്ഗമെന്നറിയപ്പെടുന്ന ശങ്കരസമ്പ്രദായം പിന്തുടര്‍ന്നിരുന്ന സന്യാസിയായിരുന്നു. 1980-ല്‍ കാശിയിലെ തിലഭാണ്ഡേശ്വരം മഹാമണ്ഡലെ സ്വാമി അച്യുതാനന്ദഗിരിയില്‍ നിന്നാണ് അദ്ദേഹം സന്യാസദീക്ഷ സ്വീകരിച്ചത്. ആയുര്‍വ്വേദ ഭിഷഗ്വരന്‍ കൂടിയായിരുന്ന അദ്ദേഹത്തിന് സംസ്‌കൃതം, വൈദ്യം, മര്‍മ്മ ചികിത്സ തുടങ്ങിയവയില്‍ അഗാധമായ പാണ്ഡിത്യമുണ്ടായിരുന്നു. സ്വാമിജി ഒട്ടനവധി ഗീതാജ്ഞാനയജ്ഞങ്ങള്‍ സംഘടിപ്പിച്ചിട്ടുണ്ട്.
ഭാരതീയ തത്വശാസ്ത്രത്തിലും അത്യപൂര്‍വ ഔഷധക്കൂട്ടുകളെകുറിച്ചും അപാരമായ പാണ്ഡിത്യമുണ്ടായിരുന്ന
സ്വാമിജിയുടെ പ്രഭാഷണങ്ങള്‍ നിരവധി പേരെയാണ് ആദ്ധ്യാത്മികതയിലൂന്നിയ ജീവിതചര്യയിലേക്ക് കൈപിടിച്ചുയര്‍ത്തിയത്. വന്നുകാണുന്ന രോഗികള്‍ക്ക് ഔഷധവും, ഉപദേശവും ഒരു പോലെ നല്‍കുന്ന സ്വാമിജിയുടെ ചികിത്സാരീതി ഏറെ പ്രശസ്തമായിരുന്നു.
ഗീതാചാര്യന്‍, ചികിത്സകന്‍, വാഗ്മി, പണ്ഡിതന്‍ എന്നീ നിലകളില്‍ ഉജ്ജ്വലമായ ഒരു സാന്നിദ്ധ്യമാണ് സ്വാമിജിയുടെ സമാധിയിലൂടെ ഭാരതത്തിനു നഷ്ടമാകുന്നത്.
ആദ്ധ്യാത്മിക നഭോമണ്ഡലത്തില്‍ ജ്വലിച്ചുനിന്ന സ്വാമി നിര്‍മലാനന്ദഗിരി മഹാരാജിന്റെ ഭൗതികവിയോഗം സമൂഹത്തിന് തീരാനഷ്ടമാണെന്ന് ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമം അദ്ധ്യക്ഷന്‍ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ അനുസ്മരിച്ചു. ജ്ഞാനയജ്ഞങ്ങളിലും അതേസമയം തന്നെ ആയൂര്‍വേദ ചികിത്സാരംഗത്തും സ്വാമി നിര്‍മലാനന്ദഗിരി മഹാരാജിന്റെ സ്തുത്യര്‍ഹമായ സേവനം സമൂഹത്തിന് എക്കാലത്തും മുതല്‍ക്കൂട്ടായിരിക്കുമെന്നും സ്വാമി തൃപ്പാദങ്ങള്‍ അനുസ്മരണ സന്ദേശത്തില്‍ പറഞ്ഞു.
Discussion about this post