* ലോ കോളേജില്‍ വി.ആര്‍.കൃഷ്ണയ്യര്‍ ചെയര്‍ ഉദ്ഘാടനം ചെയ്തു
തിരുവനന്തപുരം: വിദ്യാഭ്യാസ മേഖലയില്‍ അക്കാദമിക് രംഗത്ത് ആഴത്തിലുള്ള മാറ്റങ്ങള്‍ക്ക് തുടക്കം കുറിക്കാനൊരുങ്ങുകയാണ് സംസ്ഥാന സര്‍ക്കാരെന്ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് പറഞ്ഞു. തിരുവനന്തപുരം ഗവ.ലോ കോളേജില്‍ ബദല്‍ തര്‍ക്ക പരിഹാര സംവിധാനത്തിനുള്ള ജസ്റ്റിസ് വി.ആര്‍.കൃഷ്ണയ്യര്‍ ചെയറും കെല്‍സ ട്രോഫി മത്സരങ്ങളും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ രംഗം അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയരണമെങ്കില്‍ ഭൗതിക സാഹചര്യം മാത്രമല്ല അക്കാദമിക് നിലവാരവും ഉയരണം. വലിയ കെട്ടിടങ്ങളല്ല, അക്കാദമിക് മികവാണ് ഒരു കോളേജില്‍ നിന്ന് പ്രതീക്ഷിക്കുന്നത്. ഭൗതിക സാഹചര്യങ്ങളുടെ പരിമിതികള്‍ മറികടന്നാണ് കേരളം വിദ്യാഭ്യാസ രംഗത്ത് നേട്ടങ്ങള്‍ ഉണ്ടാക്കിയത്. പരിമിതികള്‍ മറികടക്കാന്‍ വിദ്യാഭ്യാസം കൂടുതല്‍ ജനകീയമാക്കി മുന്നോട്ടുപോവണം. ജനങ്ങളെ ജനാധിപത്യത്തോട് അടുപ്പിക്കുകയാണ് നിയമവിദ്യാഭ്യാസത്തിന്റെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.
പ്രിന്‍സിപ്പാള്‍ ഡോ.കെ.ആര്‍.രഘുനാഥന്‍ അധ്യക്ഷനായി. ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി സെക്രട്ടറി ബി.പ്രഭാത് കുമാര്‍, ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. ആനയറ ഷാജി, മുന്‍ പ്രിന്‍സിപ്പാള്‍ പ്രൊഫ. കെ.എസ്.അജയകുമാര്‍, പിടിഎ വൈസ് പ്രസിഡന്റ് അഡ്വ.ബി.സുരേഷ് കുമാര്‍, യൂണിയന്‍ ചെയര്‍മാന്‍ നവീന്‍ സുരേഷ് തുടങ്ങിയവര്‍ സംസാരിച്ചു. പ്രൊഫ.ബിന്ദു.ജി.കെ സ്വാഗതവും മിഥുന്‍ വി.പി നന്ദിയും പറഞ്ഞു.
 
			


 
							









Discussion about this post