തിരുവനന്തപുരം: തൊഴില്‍ നിയമലംഘനങ്ങളുടെ പിഴത്തുക വര്‍ധിപ്പിക്കുന്ന കാര്യം സര്‍ക്കാരിന്റെ സജീവ പരിഗണനയിലാണെന്ന് തൊഴില്‍ മന്ത്രി ടി.പി. രാമകൃഷ്ണന്‍ പറഞ്ഞു. പൊതുമേഖലാ സ്ഥാപനങ്ങളുടെ മാനേജ്‌മെന്റുകളില്‍ തൊഴിലാളി പ്രാതിനിധ്യം ഉറപ്പു വരുത്തുന്ന കാര്യവും പരിഗണിക്കും. ഫെയര്‍ വേജസ് കൂടുതല്‍ തൊഴില്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കുമെന്നും മിനിമം വേതനം വര്‍ധിപ്പിച്ച് സംസ്ഥാനത്തിലുടനീളം നടപ്പാക്കാന്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.തൊഴില്‍ മേഖലയിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സെക്രട്ടേറിയറ്റില്‍ വിളിച്ചുചേര്‍ത്ത തൊഴിലാളി സംഘടന നേതാക്കളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് മെച്ചപ്പെട്ട താമസസൗകര്യം ലഭ്യമാക്കുന്നതിന് അവര്‍ കൂടുതലുള്ള പ്രദേശങ്ങളില്‍ അപ്നാ ഘര്‍ പദ്ധതി നടപ്പാക്കും. പദ്ധതിയിലുള്‍പ്പെടുത്തി കഞ്ചിക്കോട് 748 തൊഴിലാളികള്‍ക്ക് താമസിക്കുന്നതിന് ആവശ്യമായ കെട്ടിട സമുച്ചയത്തിന്റെ നിര്‍മാണം അന്തിമഘട്ടത്തിലാണ്. എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം ജില്ലകളിലും താമസസൗകര്യം ഒരുക്കാന്‍ നടപടി സ്വീകരിക്കും. ഇതരസംസ്ഥാന തൊഴിലാളികളുടെ വിവരശേഖരണവും അവരുടെ ആരോഗ്യസംരക്ഷണവും ലക്ഷ്യമിട്ട് വിപുലമായ കര്‍മപദ്ധതി ആവാസ് എന്ന പേരില്‍ ഈ വര്‍ഷംതന്നെ നടപ്പാക്കും. പദ്ധതിയിലുള്‍പ്പെടുത്തി സംസ്ഥാനത്തെ എല്ലാ ഇതര സംസ്ഥാന തൊഴിലാളികള്‍ക്കും തിരിച്ചറിയല്‍ കാര്‍ഡ് നല്‍കും. എംപ്‌ളോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകള്‍ മുഖേന കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ നടപടികള്‍ കൈക്കൊണ്ടതായും മന്ത്രി പറഞ്ഞു. കൂടുതല്‍ പേര്‍ക്ക് വിദേശ തൊഴിലവസരങ്ങള്‍ ലഭ്യമാക്കുന്നതിന് ഒ.ഡി.ഇ.പി.സിയുടെ ആഭിമുഖ്യത്തില്‍ വിപുലമായ പ്രവര്‍ത്തനങ്ങളാണ് ആരംഭിച്ചിട്ടുള്ളത്. ഏഴ് ജില്ലകളില്‍ എംപ്‌ളോയബിലിറ്റി സെന്ററുകളും രണ്ട് ജില്ലകളില്‍ കരിയര്‍ ഗൈഡന്‍സ് സെന്ററുകളും ആരംഭിച്ചു. ഇവ മറ്റു ജില്ലകല്‍ലേക്ക് വ്യാപിപ്പിക്കും.
തൊഴില്‍ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ടോം ജോസ്, ലേബര്‍ കമ്മീഷണറുടെ ചുമതലയുള്ള എസ്.തുളസീധരന്‍, അഡീഷണല്‍ ലേബര്‍ കമ്മീഷണര്‍ അലക്‌സാണ്ടര്‍, വിവിധ തൊഴിലാളി സംഘടനാ നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Discussion about this post