തിരുവനന്തപുരം: പി.എസ്.സി നിയമനങ്ങളില്‍ കായികതാരങ്ങള്‍ക്ക് നിശ്ചിത ശതമാനം സംവരണം ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ കോണ്‍ഫറന്‍സ് ഹാളില്‍ ഇതു സംബന്ധിച്ചു ചേര്‍ന്ന യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കായിക താരങ്ങള്‍ക്ക് മികച്ച പരിശീലനം നല്‍കി 2024 ഒളിംപിക്‌സിന് പ്രാപ്തരാക്കണം. ദീര്‍ഘവീക്ഷണത്തോടെയുള്ള തയ്യാറെടുപ്പുകള്‍ നടത്തിയാല്‍ 2024 ലെ ഒളിംപിക്‌സില്‍ കേരളത്തിന് മികച്ച പ്രകടനം സാധ്യമാകുമെന്ന് മുഖ്യമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ നടപ്പാക്കുന്ന ഓപറേഷന്‍ ഒളിംപിയ സമൂഹത്തില്‍ കായിക സംസ്‌കാരം വളര്‍ത്തിയെടുക്കാന്‍ പര്യാപ്തമാണ്. പ്രീ പ്രൈമറി വിദ്യാര്‍ത്ഥികള്‍ മുതല്‍ മുതിര്‍ന്ന പൗരന്‍ വരെയുള്ളവര്‍ക്ക് മികച്ച കായിക ക്ഷമത ഉറപ്പാക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കണം. കുട്ടികള്‍ക്ക് വേണ്ടത്ര പോഷകാഹാര ലഭ്യത ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.
പൊതു വിദ്യാഭ്യാസ യജ്ഞത്തിന്റെ ഭാഗമായി സ്‌കൂളുകളില്‍ ആരംഭിക്കുന്ന ടാലന്റ് ലാബിലൂടെ മികച്ച കായിക താരങ്ങളെ കണ്ടെത്താനുള്ള നടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് പറഞ്ഞു.
ഓപറേഷന്‍ ഒളിംപിയ, കേരള കായിക ക്ഷമതാ മിഷന്‍, സ്‌പോര്‍ട്‌സ് യൂണിവേഴ്‌സിറ്റി എന്നീ പ്രോജക്ടുകള്‍ക്കായി 440 കോടി രൂപയുടെ ബഡ്ജറ്റാണ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ തയ്യാറാക്കിയിട്ടുള്ളത്. യോഗത്തില്‍ കായിക യുവജനക്ഷേമ മന്ത്രി എ.സി.മൊയ്തീന്‍, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ചെയര്‍മാന്‍ ടി.പി.ദാസന്‍, വൈസ് ചെയര്‍മാന്‍ മേഴ്‌സിക്കുട്ടന്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു.
Discussion about this post