ന്യൂദല്‍ഹി: പാമോയില്‍ കേസില്‍ സിവിസി പി.ജെ.തോമസ് പ്രതിയാണെന്ന കാര്യം പേഴ്സണല്‍ മന്ത്രാലയ ചുമതല വഹിച്ചിരുന്ന മന്ത്രി പൃഥ്വിരാജ് ചവാന്‍ മറച്ചുവയ്ക്കുകയായിരുന്നുവെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് രാജ്യസഭയില്‍ പറഞ്ഞു. കുറ്റവാളിയായ ഒരാളെ സിവിസി ആയി നിയമിച്ചത് തന്റെ നോട്ടപ്പിശകുകൊണ്ടാണെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് ഇന്നലെ രാജ്യസഭയില്‍ കുറ്റസമ്മതം നടത്തി. സിവിസി നിയമനം റദ്ദാക്കിയ സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ സഭയില്‍ പ്രസ്താവന നടത്തുകയായിരുന്നു പ്രധാനമന്ത്രി.
ആ തെറ്റിന്റെ ഉത്തരവാദിത്തം താനേറ്റെടുക്കുന്നുവെന്ന് പ്രഖ്യാപിച്ച പ്രധാനമന്ത്രി തോമസിന്റെ പേരില്‍ കുറ്റപത്രം ഉണ്ടായിരുന്നുവെന്ന ആരോപണം തനിക്കറിയുമായിരുന്നില്ലെന്ന പഴയ വാദം വീണ്ടും ആവര്‍ത്തിച്ചു. പാനലിലുണ്ടായിരുന്ന പ്രതിപക്ഷ നേതാവ് സുഷമാ സ്വരാജ് ചൂണ്ടിക്കാണിച്ചപ്പോഴാണത്രെ പ്രധാനമന്ത്രി അക്കാര്യം ആദ്യമായി കേള്‍ക്കുന്നത്. അപ്പോഴേക്കും നിയമനതീരുമാനം എടുത്തുകഴിഞ്ഞിരുന്നുവെന്ന് മന്‍മോഹന്‍സിംഗ് പറഞ്ഞു. കേരളത്തില്‍ ഭക്ഷ്യ സിവില്‍സപ്ലൈസ് വകുപ്പ് സെക്രട്ടറി ആയിരിക്കെ പാമോലിന്‍ ഇറക്കുമതിക്കേസില്‍ തോമസ് പ്രതിയാണെന്ന വിവരം തങ്ങള്‍ക്ക് മുന്നിലെത്തിയ ബയോഡേറ്റയില്‍ ഇല്ലായിരുന്നുവെന്ന് മന്‍മോഹന്‍സിംഗ് ആവര്‍ത്തിച്ചു.
എന്നാല്‍ പ്രധാനമന്ത്രിയൂടെ കുമ്പസാരത്തെ ബാലിശമെന്നാണ് രാജ്യസഭാ പ്രതിപക്ഷനേതാവ് അരുണ്‍ജെറ്റ്ലി വിശേഷിപ്പിച്ചത്. കുറ്റവാളിയാണ് താനെന്ന് ആരും ബയോഡേറ്റയില്‍ എഴുതാറില്ലെന്ന് പരിഹസിച്ച ജെറ്റ്ലി ഇത് സര്‍ക്കാര്‍ അഴിമതിയോട് സന്ധി ചെയ്തതിന്റെ പ്രകടനമാണെന്ന് ചൂണ്ടിക്കാട്ടി. ഭരണഘടനാ സ്ഥാപനത്തിന്റെ അന്തസും വിശ്വാസ്യതയും ഇടിച്ചുതാഴ്ത്തുന്ന നടപടിയാണ് പ്രധാനമന്ത്രിയുടേതെന്ന് സിപിഎം നേതാവ് സീതാറാം യെച്ചൂരി പറഞ്ഞു. എന്തിന് പി.ജെ.തോമസിനെ നിയമിച്ചുവെന്ന് വ്യക്തമാക്കാന്‍ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
Discussion about this post