തിരുവനന്തപുരം: സംസ്ഥാനത്ത് ക്ഷയരോഗം പൂര്‍ണമായും നിര്‍മാര്‍ജനം ചെയ്യുന്നതിന് സര്‍ക്കാര്‍ നടപടികള്‍ ആരംഭിച്ചുവെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ അറിയിച്ചു. ഇതിനായി മുമ്പ് അവലംബിച്ചിരുന്ന ഡോട്‌സ് പദ്ധതി പുതുക്കി നടപ്പിലാക്കും. ഒന്നിടവിട്ട ദിവസങ്ങളില്‍ മരുന്ന് കഴിക്കുന്ന രീതിക്കു പകരം ക്ഷയരോഗത്തിനുള്ള മരുന്നുകള്‍ ഒന്നായി ചേര്‍ത്ത പ്രതിദിന നിശ്ചിത മാത്രാ മിശ്രിതം ശരീരഭാരത്തിന് ആനുപാതികമായി എല്ലാ ദിവസവും മുടങ്ങാതെ രോഗിക്കു നല്‍കുന്നതാണ് പുതിയ പദ്ധതിയെന്ന് മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
കേരളത്തില്‍ ക്ഷയരോഗികളുടെ എണ്ണം താരതമ്യേന കുറവാണെങ്കിലും പൂര്‍ണമായും നിര്‍മാര്‍ജനം ചെയ്യാനായിട്ടില്ല. വികസിത രാജ്യങ്ങള്‍ക്കു തുല്യമായ നേട്ടങ്ങള്‍ ക്ഷയരോഗ നിര്‍മാര്‍ജ്ജജനത്തിന്റെ കാര്യത്തില്‍ സംസ്ഥാനം കൈവരിക്കേണ്ടതുണ്ട്. 2009ലെ കണക്കനുസരിച്ച് 27000 ക്ഷയരോഗികളെയാണ് ആരോഗ്യവകുപ്പ് റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ 2016ല്‍ ഇത് ഇരുപത് ശതമാനം കുറഞ്ഞ് 21,500ആയി. കുട്ടികളിലുണ്ടാകുന്ന ക്ഷയരോഗവും 2009 നേക്കാള്‍ നാല്‍പതു ശതമാനം കുറഞ്ഞതായിട്ടാണ് കണക്കുകള്‍. മരുന്നുകള്‍ കൊണ്ട് മാറ്റാന്‍ സാധിക്കാത്ത ക്ഷയരോഗം ഏറ്റവും കുറവായി കാണുന്നതും കേരളത്തിലാണെന്ന് മന്ത്രി പറഞ്ഞു.
ക്ഷയരോഗബാധ കണ്ടെത്താനുള്ള ശ്രമങ്ങള്‍ നടത്തുന്നതില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന സംസ്ഥാനവും കേരളം തന്നെയാണ്. ലക്ഷത്തിന് 1200 പേരെ സംസ്ഥാനത്ത് ക്ഷയരോഗപരിശോധനകള്‍ക്ക് വിധേയരാക്കുന്നുണ്ട്. ഇത് ദേശീയ ശരാശരിയുടെ ഇരട്ടിയോളം വരും. ജനങ്ങള്‍ക്ക് ക്ഷയരോഗ പരിശോധനകള്‍ ഏറ്റവുമടുത്ത് ലഭ്യമാക്കുന്നതിനായി സര്‍ക്കാര്‍ മേഖലയില്‍ 400 സ്വകാര്യമേഖലയില്‍ 116 കഫ പരിശോധനാ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു. മാരകമായ ക്ഷയരോഗം കണ്ടെത്താന്‍ ദേശീയ നിലവാരമുളള പരിശോധനാ സംവിധാനങ്ങള്‍ തിരുവനന്തപുരത്ത് ഇന്റര്‍മീഡിയറ്റ് റഫറന്‍സ് ലബോറട്ടറിയില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇത്തരത്തിലുള്ള രണ്ടാമത്തെ ലബോറട്ടറി കോഴിക്കോട് മെഡിക്കല്‍ കോളേജിന്റെ മൈക്രോ ബയോളജി വിഭാഗത്തില്‍ ഏര്‍പ്പെടുത്താനുള്ള നടപടി പുരോഗമിക്കുകയാണ്.
രണ്ട് മണിക്കൂറിനകം മള്‍ട്ടി ഡ്രഗ് റസിസ്റ്റന്റ് ടി.ബി. കണ്ടെത്താന്‍ കഴിയുന്ന നൂതനമായ ജനിതക സാങ്കേതിക വിദ്യാ സൗകര്യം അടങ്ങിയ സിബിനാറ്റ് ടെസ്റ്റ് ഇപ്പോള്‍ എല്ലാ ജില്ലകളിലും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ക്ഷയരോഗത്തിനുള്ള മരുന്നുകള്‍ തികച്ചും സൗജന്യമാണ്. ഗര്‍ഭിണികള്‍ക്കും കുട്ടികള്‍ക്കും മാനസിക അസ്വാസ്ഥ്യമുള്ളവര്‍ക്കും പ്രത്യേക ശ്രദ്ധ നല്‍കേണ്ടതുണ്ട്. രോഗി കൃത്യമായി മരുന്ന് കഴിക്കുന്നുണ്ടെന്ന് ഉറപ്പിക്കാന്‍ ഫോണ്‍ മുഖേന സന്ദേശമയക്കുന്ന സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. മാര്‍ച്ച് 24ന് തിരുവനന്തപുരത്ത് ലോക ക്ഷയരോഗദിനാചരണത്തിന്റെ സംസ്ഥാനതല പരിപാടി സംഘടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
Discussion about this post