കൊച്ചി: എറണാകുളം ജില്ലയില്‍ കുടിവെള്ളമെന്ന പേരില്‍ മലിനമായതും കുടിക്കാന്‍ യോഗ്യമല്ലാത്തതുമായ ജലം വിതരണം ചെയ്യുന്ന ടാങ്കറുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ ഫുഡ് സേഫ്റ്റി അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കി. ദുരന്ത നിവാരണ നിയമത്തിലെ 33ാം വകുപ്പ് പ്രകാരമാണ് ഉത്തരവ്.
കുറ്റക്കാര്‍ക്കെതിരെ ഭക്ഷ്യസുരക്ഷയും മാനദണ്ഡങ്ങളുമായി ബന്ധപ്പെട്ട നിയമങ്ങള്‍ പ്രകാരം ഒരു ലക്ഷം രൂപ വരെ പിഴ ഈടാക്കുന്നതടക്കമുള്ള നടപടികള്‍ കൈക്കൊള്ളും. ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്‍ഡേഡ്‌സ് ആക്ട് സെക്ഷന്‍ 69, ഫുഡ് സേഫ്‌ററ്റി ആന്റ് സ്റ്റാന്‍ഡേഡ്‌സ് (ലൈസന്‍സിങ് ആന്റ് റഗുലേഷന്‍സ് ഓഫ് ഫുഡ് ബിസിനസ്) റഗുലേഷന്‍സ് എന്നിവയാണ് കുറ്റക്കാര്‍ക്കെതിരെ ബാധകമാകുക. ഈ വര്‍ഷം രൂക്ഷമായ വരള്‍ച്ചയുണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് വരള്‍ച്ചയെ പ്രകൃതിദുരന്തമായി കണക്കാക്കുമെന്ന് സംസ്ഥാന ദുരന്ത നിവാരണ സമിതി പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ശുദ്ധജലലഭ്യത ഉറപ്പാക്കുന്നതിന് യുദ്ധകാലാടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കാനാണ് ജില്ലാ കളക്ടര്‍മാര്‍ക്ക് സര്‍ക്കാര്‍ നല്‍കിയിരിക്കുന്ന നിര്‍ദേശം.
ദുരന്തനിവാരണ നിയമത്തിലെ 33ാം വകുപ്പ് പ്രകാരം ഇക്കാര്യത്തില്‍ വിപുലമായ അധികാരങ്ങളാണ് കളക്ടര്‍മാര്‍ക്കുള്ളത്. വരള്‍ച്ചയോടനുബന്ധിച്ച് ജില്ലയില്‍ അനുഭവപ്പെടുന്ന രൂക്ഷമായ കുടിവെള്ളക്ഷാമം മുതലെടുത്ത് വേണ്ടത്ര ശുചിത്വ നിലവാരമില്ലാത്ത ടാങ്കറുകളില്‍ മലിനവും പാനയോഗ്യമല്ലാത്തതുമായ ജലം വിതരണം ചെയ്യുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്ന് കളക്ടര്‍ പറഞ്ഞു. ഈ വെള്ളം ഉപയോഗിക്കുന്നത് മൂലം പകര്‍ച്ചവ്യാധികള്‍ അടക്കമുള്ള ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് സാധ്യതയുണ്ട്. പൊതുജനാരോഗ്യത്തിന് ഭീഷണി ഉയര്‍ത്തുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ പ്രതിരോധിക്കേണ്ടതിനാലാണ് കര്‍ശന നടപടിക്ക് ഫുഡ് സേഫ്റ്റി വിഭാഗത്തോട് ആവശ്യപ്പെടുന്നതെന്നും കളക്ടര്‍ വ്യക്തമാക്കി.
Discussion about this post