കോട്ടയം: മെത്രാന്‍ കായല്‍ പാടശേഖരത്ത് 120 ദിവസം കൊണ്ട് നെല്ലുവിളയിച്ച കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ഗുഡ് സര്‍വ്വീസ് എന്‍ട്രി നല്‍കുമെന്ന് കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് മന്ത്രി വി. എസ് സുനില്‍ കുമാര്‍. സ്വകാര്യ കമ്പനി കര്‍ഷകരില്‍ നിന്നും വാങ്ങി വര്‍ഷങ്ങളായി തരിശിട്ടിരുന്ന 404 എക്കര്‍ പാടശേഖരത്തില്‍ 320 ഏക്കറില്‍ ചെയ്ത നെല്‍കൃഷി വിളവെടുപ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മെത്രാന്‍ കായലില്‍ നെല്‍കൃഷി സാധ്യമല്ലെന്ന വ്യാജ പ്രചരണം നടത്തി നെല്‍വയല്‍ നികത്തി ടൂറിസം പ്രോജക്ട് നടപ്പാക്കാനുളള കമ്പനിയുടെ ഗൂഢ തന്ത്രത്തിനുളള മറുപടിയാണ് മെത്രാന്‍ കായലിലെ വിളവെടുപ്പെന്ന് അദ്ദേഹം പറഞ്ഞു. രാസവളവും കീടനാശിനികളും ഉപയോഗിക്കാതെയും ജനകീയ കൂട്ടായ്മയിലൂടെയുമാണ് മെത്രാന്‍ കായലില്‍ നെല്‍കൃഷി വീണ്ടെടുത്തത്. ഭക്ഷ്യസുരക്ഷ ഉറപ്പ് വരുത്തുന്നതിനുളള സര്‍ക്കാരിന്റെ ശ്രമങ്ങളുടെ ഭാഗം കൂടിയായ മെത്രാന്‍ കായല്‍ കൃഷി വികസനം സാധ്യമാക്കിയ കൃഷി ഉദ്യോഗസ്ഥര്‍ വകുപ്പിന്റെ സ്വത്താണെന്ന് അദ്ദേഹം പറഞ്ഞു. ബണ്ട് തകര്‍ത്ത് കൃഷി നശിപ്പിക്കുന്നതിന് കമ്പനിയുടമകള്‍ നടത്തിയ ശ്രമങ്ങളെ ചെറുത്ത് നെല്‍കൃഷി വീണ്ടെടുക്കാന്‍ സാധിച്ചത് വിവിധ വകുപ്പുകളുടെ ഏകോപിച്ചുളള പ്രവര്‍ത്തനം കൊണ്ട് കൂടിയാണ്. പാടശേഖരത്തിന് രാത്രികാല സംരക്ഷണം നല്‍കിയ പോലീസ്ഫയര്‍ഫോഴ്‌സ് സേനകളുടെ സേവനത്തെ മന്ത്രി അഭിനന്ദിച്ചു.
നെല്‍വയലുകളുടെയും ജലാശയങ്ങളുടെയും മനോഹാരിത നഷ്ടപ്പെടുന്ന ഒരു പദ്ധതിക്കും മെത്രാന്‍ കായല്‍ വിട്ടു കൊടുക്കില്ല. മെത്രാന്‍ കായല്‍ പാടശേഖരത്ത് വരും വര്‍ഷങ്ങളിലും നെല്‍കൃഷി തുടരും. കമ്പനി കൃഷി ചെയ്തില്ലെങ്കില്‍ കൃഷി ചെയ്യാന്‍ താത്പര്യമുളള കര്‍ഷകര്‍ക്കും സംഘടനകള്‍ക്കും ഭൂമി വിട്ടു നല്‍കും. അങ്ങനെ വന്നാല്‍ മെത്രാന്‍ കായല്‍ എന്ന പേര് മാറ്റി സര്‍ക്കാര്‍ കായല്‍ എന്നാക്കുമെന്നും അദ്ദേഹം പറഞ്ഞു.
പാടശേഖരത്തിന് സമീപം ചേര്‍ന്ന പൊതു സമ്മേളനം ധനകാര്യ വകുപ്പ് മന്ത്രി ഡോ. തോമസ് ഐസക് ഉദ്ഘാടനം ചെയ്തു. അഡ്വ. കെ. സുരേഷ് കുറുപ്പ് എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. കാര്‍ഷികോല്പാദന കമ്മീഷണര്‍ രാജു നാരായണ സ്വാമി ഭക്ഷ്യ സുരക്ഷാ സന്ദേശം നല്‍കി. വിളവെടുക്കുന്ന നെല്ല് ശേഖരിച്ച് മോഡേണ്‍ റൈസ് മില്‍ വിപണിയില്‍ എത്തിക്കുന്ന ‘മെത്രാന്‍ കായല്‍ അരി’യുടെ ബ്രാന്‍ഡ് ലോഗോ പ്രകാശനം പ്രശസ്ത സിനിമാതാരവും ജൈവകര്‍ഷകനുമായ ശ്രീനിവാസന്‍ നിര്‍വഹിച്ചു.
കര്‍ഷകര്‍, കരിമീന്‍, വള്ളംകളി, ദേശാടനപക്ഷികള്‍ തുടങ്ങിയ കുമരകത്തിന്റെ തനിമ പ്രതിഫലിക്കുന്ന ലോഗോ കുമരകം സ്വദേശി ആര്‍ട്ടിസ്റ്റ് വിജയകുമാറാണ് തയ്യാറാക്കിയത്. കര്‍ഷകരേയും യുവജനങ്ങളേയും നെല്‍കൃഷിയില്‍ പങ്കാളികളാക്കി മികച്ച പ്രവര്‍ത്തനം നടത്തിയ കുമരകം കൃഷി ഓഫീസര്‍ റോണി വര്‍ഗ്ഗീസിന് മന്ത്രി ഉപഹാരം നല്‍കി. സി. കെ ആശ എം.എല്‍.എ, കുമരകം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ. പി സലിമോന്‍, ജില്ലാ പഞ്ചായത്തംഗം ജയേഷ് മോഹന്‍, ഓയില്‍ പാം ഇന്‍ഡ്യാ ചെയര്‍മാന്‍ വിജയന്‍ കുന്നിശ്ശേരി, വിവിധ വകുപ്പുദ്യോഗസ്ഥര്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. വകുപ്പ് ഡയറക്ടര്‍ ബിജു പ്രഭാകര്‍ സ്വാഗതവും പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ സുമ ഫിലിപ്പ് നന്ദിയും പറഞ്ഞു.
Discussion about this post