തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയില്‍ പുതുതായി പണികഴിപ്പിച്ച ജലപക്ഷികള്‍ക്കുവേണ്ടിയുള്ള വിശാലമായ അക്വാട്ടിക് ഏവിയറി, നീര്‍നായകളുടെ പരിബന്ധനം എന്നിവയുടെ ഉദ്ഘാടനം മാര്‍ച്ച് 17ന് വനംമൃഗശാല വകുപ്പ് മന്ത്രി അഡ്വ. കെ. രാജു ഉദ്ഘാടനം ചെയ്യും. മ്യൂസിയം ഓഡിറ്റോറിയത്തില്‍ ഉച്ചക്ക് രണ്ട് മണിക്ക് നടക്കുന്ന ചടങ്ങില്‍ കെ. മുരളീധരന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും.
നാഗാലാന്റ് മൃഗശാലയില്‍ നിന്നെത്തിച്ച ഒരു ജോഡി ഹിമാലയന്‍ കരടികളെ തുറന്ന പരിബന്ധനത്തിലേക്ക് തുറന്നുവിടുകയും ചെയ്യും. ജലപക്ഷികള്‍ക്ക് ചെറിയ കൂടിന് പകരമായി ഒരേക്കറോളം വിസ്തൃതിയുള്ള ചെറിയകുളം സംരക്ഷിച്ച് സ്വാഭാവിക ആവാസവ്യവസ്ഥയ്ക്കനുയോജ്യമായ വലിയ കൂടാണ് പണിതത്. കൂട്ടിനകത്തെ ജീവികളെ കണ്ടാസ്വദിക്കാന്‍ രണ്ട് സന്ദര്‍ശക ഗ്യാലറിയും സജ്ജമാക്കിയിട്ടുണ്ട്. നീര്‍നായയെ പാര്‍പ്പിക്കാന്‍ കേരള കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷന്‍ മുഖാന്തിരമാണ് വലിയ പരിബന്ധനം നിര്‍മ്മിച്ചത്. സ്വാഭാവിക ആവാസവ്യവസ്ഥ മാതൃകയാക്കി സന്ദര്‍ശകര്‍ക്ക് തടസ്സമില്ലാത്ത കാഴ്ച സമ്മാനിക്കുന്ന ഗ്‌ളാസോടുകൂടിയ ഗ്യാലറിയും ഒരുക്കിയിട്ടുണ്ട്. ഇവിടുത്തെ കാലാവസ്ഥയുമായി പൊരുത്തപ്പെട്ട കൊഹിമ, ദീമാപൂര്‍ എന്നീ ഹിമാലയന്‍ കരടികളെയാണ് തുറന്ന പരിബന്ധനത്തിലേക്ക് വിടുന്നത്. നാഗാലാന്റ് മൃഗശാലയില്‍ നിന്നാണ് ഇവയെ എത്തിച്ചത്.
Discussion about this post