തിരുവനന്തപുരം: പോരുവഴി പെരുവിരുത്തി മലനട ക്ഷേത്രത്തിലെ മലക്കുട മഹോത്സവം ഹരിതചട്ടങ്ങള്‍ (ഗ്രീന്‍പ്രോട്ടോക്കോള്‍) പാലിച്ച് നടത്തുന്നതിന് തീരുമാനിച്ചു. കോവൂര്‍ കുഞ്ഞുമോന്‍ എം എല്‍ എ യുടെ സാന്നിധ്യത്തില്‍ ക്ഷേത്ര ഭാരവാഹികളുമായി ജില്ലാ ശുചിത്വ മിഷന്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.
ക്ഷേത്ര പരിസരത്ത് അന്നദാനം, കുടിവെളള വിതരണം എന്നിവയ്ക്ക് പേപ്പര്‍ കപ്പുകള്‍, പ്ലാസ്റ്റിക് കപ്പുകള്‍, പ്ലേറ്റുകള്‍ എന്നിവ ഉപയോഗിക്കരുതെന്ന് നിര്‍ദേശം നല്‍കും. ക്ഷേത്രത്തിലെ പ്രസാദ വിതരണം പ്ലാസ്റ്റിക് കവറുകള്‍ ഒഴിവാക്കി നടത്തും. ഭക്ഷണം, കുടിവെളളം എന്നിവ കഴുകി ഉപയോഗിക്കാവുന്ന സ്റ്റീല്‍, ഗ്ലാസ്സ്, കളിമണ്‍ പാത്രങ്ങളില്‍ നല്‍കുന്നതിന് നടപടികള്‍ സ്വീകരിക്കും. മാലിന്യങ്ങള്‍ വലിച്ചെറിയാതെ തരംതിരിച്ച് സംസ്‌കരിക്കുന്നതിനുളള നിര്‍ദേശം ക്ഷേത്രത്തിലെ ഉച്ചഭാഷിണി വഴി ഭക്തജനങ്ങള്‍ക്ക് നല്‍കും. പ്ലാസ്റ്റിക് ഒഴിവാക്കി പരമാവധി പ്രകൃതി സൗഹൃദ വസ്തുക്കള്‍ ഉപയോഗിച്ച് കെട്ടുകാഴ്ചകള്‍ നടത്തുന്നതിന് കെട്ടുത്സവ സമിതികള്‍ക്ക് നിര്‍ദേശം നല്‍കും. ജില്ലാ ശുചിത്വ മിഷന്റെ നേതൃത്വത്തില്‍ ക്ഷേത്ര പരിസരത്ത് ഹരിത ചട്ടങ്ങള്‍ സംബന്ധിച്ച പ്രചാരണം നടത്തുമെന്ന് ശുചിത്വ മിഷന്‍ ജില്ലാ കോഓര്‍ഡിനേറ്റര്‍ ജി കൃഷ്ണകുമാര്‍ അറിയിച്ചു.
ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ സുമ, വൈസ് പ്രസിഡന്റ് എസ് ശിവന്‍പിളള, ക്ഷേത്രഭരണ സമിതി പ്രസിഡന്റ് എ ചിത്രഗുപ്തന്‍, സെക്രട്ടറി ഇ വി വിനോദ്കുമാര്‍, വൈസ് പ്രസിഡന്റ് ആര്‍ സന്തോഷ്‌കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
Discussion about this post