തിരുവനന്തപുരം: പരിഷ്‌കൃത സമൂഹമെന്ന് അഭിമാനിക്കുന്ന നാം നമ്മുടെ സംസ്ഥാനത്ത് പകര്‍ച്ചവ്യാധികളെ പ്രതിരോധിക്കാനും ഉന്മൂലനം ചെയ്യാനുമുള്ള നടപടികള്‍ക്ക് മുന്നിട്ടിറങ്ങേണ്ടതുണ്ടെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അഭിപ്രായപ്പെട്ടു.
ആരോഗ്യ സംരക്ഷണത്തിലും ജീവിത നിലവാരത്തിലും മുന്‍പന്തിയിലുള്ള കേരളത്തില്‍ ഡങ്കിപ്പനിയും ചിക്കുന്‍ഗുനിയയും ഡിഫ്തീരിയയും കോളറയും ക്ഷയവും കുഷ്ഠരോഗവും മൂലം ആളുകള്‍ മരിക്കുന്ന അവസ്ഥയുണ്ട്. ഈ രോഗങ്ങളെയൊക്കെ പൂര്‍ണമായും ഇല്ലായ്മചെയ്യാതെ പരിഷ്‌കൃത സമൂഹമെന്ന് നമുക്ക് അഭിമാനിക്കാനാവില്ലെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന ടി.ബി. സെല്ലില്‍ നടന്ന ലോക ക്ഷയരോഗദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്ത് ക്ഷയരോഗപരിശോധനയ്ക്കുളള സൗകര്യം ധാരാളമുണ്ട്. രോഗബാധിതര്‍ക്ക് എല്ലാ ദിവസവും മരുന്നു നല്‍കുകയും രോഗികളെ മൊബൈല്‍ ഫോണിലൂടെ ബന്ധപ്പെട്ട് കൃത്യമായി മരുന്നുകള്‍ കഴിക്കാന്‍ ഓര്‍മിപ്പിക്കുകയും ചെയ്യുന്ന കര്‍മപദ്ധതി ഈ വര്‍ഷം മുതല്‍ സര്‍ക്കാര്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. ക്ഷയരോഗം പൂര്‍ണമായും ഇല്ലായ്മ ചെയ്യാന്‍ നാം പ്രതിജ്ഞാബദ്ധരാണ്. ആരോഗ്യപ്രവര്‍ത്തകരാണ് പൊതു ആരോഗ്യമേഖലയുടെ നട്ടെല്ല്. ഭൂരിപക്ഷംപേരും അവധിദിവസങ്ങളില്‍ പോലും ജോലി ചെയ്യുന്നവരാണ്. എങ്കിലും പൊതു ആരോഗ്യകേന്ദ്രങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ എവിടെയൊക്കെയോ താളപ്പിഴകളുണ്ടെന്നും അവ കണ്ടെത്തുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി ചൂണ്ടിക്കാട്ടി. രോഗികള്‍ക്ക് പൊതു ആരോഗ്യകേന്ദ്രങ്ങളില്‍നിന്ന് മികച്ച പരിഗണന ലഭിക്കണം. സ്ഥാപനങ്ങളുടെ ക്രമീകരണവും ആരോഗ്യ പ്രവര്‍ത്തകരുടെ പരിശീലനവും വിന്യാസവും പ്രധാനപ്പെട്ടതാണ്. അതെല്ലാം കാര്യക്ഷമമാക്കുന്നതില്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കും. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയര്‍ത്തുന്നതിലൂടെ പൊതുജനങ്ങള്‍ക്ക് ഉയര്‍ന്ന നിലവാരത്തിലുള്ള ആരോഗ്യ പരിരക്ഷ വീടിനടുത്തുതന്നെ ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു.
വി.എസ്. ശിവകുമാര്‍ എം.എല്‍.എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. ആര്‍. രമേഷ് സ്വാഗതം പറഞ്ഞു. വാര്‍ഡ് കൗണ്‍സിലര്‍ വഞ്ചിയൂര്‍ ബാബു, മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. എ. റംല ബീവി, ആരോഗ്യ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. ബിപിന്‍ കെ. ഗോപാല്‍, തിരുവനന്തപുരം ജില്ലാ ടി.ബി. ഓഫീസര്‍ ഡോ. സിന്ധു എം.പി, ആരോഗ്യ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ ഡോ. പാര്‍വതി എ.പി. എന്നിവര്‍ പങ്കെടുത്തു.
Discussion about this post