തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ജനസാന്ത്വന ഫണ്ടില്‍ നിന്ന് സഹായത്തിനുള്ള അപേക്ഷ കളക്ടറേറ്റിന് പുറമേ താലൂക്കോഫീസുകളിലും സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ എസ്. വെങ്കടേസപതി അറിയിച്ചു. അപേക്ഷ നല്‍കുന്നതിന് പ്രത്യേക സമയപരിധി നിശ്ചയിച്ചിട്ടില്ല. മാര്‍ച്ച് 31 ന് മുന്‍പ് അപേക്ഷിക്കണമെന്ന നിര്‍ദ്ദേശം നല്‍കിയിട്ടുമില്ല. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും അപേക്ഷ സമര്‍പ്പിക്കാന്‍ കളക്ടറേറ്റില്‍ പെതുജനങ്ങള്‍ക്ക് എത്തേണ്ടിവരുന്നത് പരിഗണിച്ചാണ് ഈ ക്രമീകരണം.
വിവിധ കാരണങ്ങളാല്‍ സമൂഹത്തില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്ന ജനങ്ങളുടെ അടിസ്ഥാനസൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് സര്‍ക്കാര്‍ ഫണ്ട് അപര്യാപ്തമായതിനാലാണ് മുഖ്യമന്ത്രിയുടെ ജനസാന്ത്വനഫണ്ട് എന്ന പേരില്‍ പൊതുജനപങ്കാളിത്തത്തോടെ ക്ഷേമഫണ്ട് ആരംഭിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുള്ളത്. ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളില്‍ അടിയന്തരമായി നടപ്പാക്കേണ്ട അടിസ്ഥാനസൗകര്യങ്ങള്‍ മെച്ചപ്പെടുത്തുക, പൊതുസ്ഥാപനങ്ങളുടെ അടിയന്തര പുനരുദ്ധാരണം നടപ്പാക്കുക, സാമ്പത്തിക പ്രശ്‌നങ്ങളാല്‍ ജീവിതം വഴിമുട്ടിയവര്‍ക്ക് സമാശ്വാസം നല്‍കുക, ഗൃഹനാഥന്‍ മരണപ്പെടുകയോ, കിടപ്പിലാവുകയോ വഴി ദുരിതമനുഭവിക്കുന്ന കുടുംബങ്ങള്‍ക്ക് ഉപജീവനത്തിനായി തൊഴില്‍ പരിശീലനത്തോടെ ജീവിതമാര്‍ഗ്ഗം ഒരുക്കുക, തലചായ്ക്കാന്‍ സ്വന്തമായി ഇടമില്ലാത്തവര്‍, വിധവകള്‍, അഗതികളായിട്ടുള്ള വൃദ്ധര്‍, മാറാരോഗികള്‍ തുടങ്ങിയവരെ പുനരധിവസിപ്പിക്കുക എന്നിവ പദ്ധതിയുടെ ലക്ഷ്യങ്ങളാണ്.
വ്യക്തികള്‍ക്കും സന്നദ്ധ സംഘടനകള്‍ക്കും, സ്ഥാപനങ്ങള്‍ക്കും ഈ ഫണ്ടില്‍ നിന്നും സഹായം അനുവദിക്കും. പൊതുജനങ്ങള്‍, സന്നദ്ധ സംഘടനകള്‍, സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ താല്‍പ്പര്യമുള്ള സ്ഥാപനങ്ങള്‍, ഉദാരമനസ്‌കരായ പ്രമുഖ വ്യക്തികള്‍ തുടങ്ങിയവരുടെ സഹകരണത്തോടെയാണ് ഫണ്ട് സ്വരൂപിക്കാന്‍ ഉദ്ദേശിക്കുന്നത്. നിര്‍മാണം, അറ്റകുറ്റപ്പണികള്‍, നവീകരണം, എന്നിവയ്ക്ക് 3.5 ലക്ഷം രൂപയും വൃദ്ധരുടെയും പുറമ്പോക്കില്‍ താമസിക്കുന്നവരുടെയും പുനരധിവാസത്തിന് രണ്ട് ലക്ഷം രൂപയും സാമ്പത്തിക പ്രശ്‌നങ്ങളാല്‍ ജീവിതം വഴിമുട്ടിയവര്‍ക്ക് ഒരു ലക്ഷം രൂപയും പരമാവധി അനുവദിക്കും. മറ്റ് സമാശ്വാസ ധനസഹായം പരമാവധി 10000 രൂപയായിരിക്കും. കൂടുതല്‍ തുക അനുവദിക്കുന്നതിന് മന്ത്രിസഭയുടെ അനുമതി വേണം. അപേക്ഷയ്ക്ക് നിശ്ചിത മാതൃകയില്ല.
അപേക്ഷയോടൊപ്പം ഗുണഭോക്താവിനെ സംബന്ധിക്കുന്ന വിശദവിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന റേഷന്‍കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ്ബുക്കിന്റെ ആദ്യപുറം എന്നിവയുടെ പകര്‍പ്പ് നിര്‍ബന്ധമായും അപേക്ഷയോടൊപ്പം ഉള്‍ക്കൊള്ളിക്കണം.
Discussion about this post