തിരുവനന്തപുരം: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലെ പ്രധാന അരി വ്യാപാര സ്ഥാപനങ്ങളില്‍ ലീഗല്‍ മെട്രോളജി വിഭാഗം പരിശോധനനടത്തി. വിപണിയില്‍ എത്തിച്ച അരി പായ്ക്കറ്റില്‍ വില കൂട്ടി രേഖപ്പെടുത്തിയതായും എം.ആര്‍.പി രേഖപ്പെടുത്താതെ റീട്ടെയിലര്‍ക്ക് കൂടുതല്‍ വില ഈടാക്കാന്‍ കഴിയുന്ന തരത്തില്‍ വില്‍പ്പനയ്ക്ക് നല്‍കിയതായും കണ്ടെത്തി.
35 വ്യാപാരികള്‍ക്കെതിരെയും നിര്‍മ്മാതാക്കള്‍/വിതരണക്കാര്‍ എന്നിവര്‍ക്കെതിരെയും കേസ് രജിസ്റ്റര്‍ ചെയ്ത് 1,20,000 രൂപ പിഴ ഈടാക്കി. പിഴ അടയ്ക്കാത്തവര്‍ക്കെതിരെ പ്രോസിക്യൂഷന്‍ നടപടികള്‍ ആരംഭിച്ചു. നിയമലംഘനം നടത്തുന്നവര്‍ക്കെതിരെ കര്‍ശനനടപടി സ്വീകരിക്കാന്‍ ലീഗല്‍ മെട്രോളജി കണ്‍ട്രോളര്‍ നിര്‍ദ്ദേശം നല്‍കി. പായ്ക്ക് ചെയ്ത കുടിവെളളം, ഭക്ഷ്യ വസ്തുക്കള്‍ എന്നിവ എം.ആര്‍.പിയെക്കാള്‍ കൂടുതല്‍ വില ഈടാക്കി എയര്‍പോര്‍ട്ട്, ട്രെയിനുകള്‍, റെയില്‍വെ സ്റ്റേഷനുകള്‍, തിയേറ്ററുകള്‍, ഷോപ്പിംഗ് മാളുകള്‍, ഹോട്ടലുകളിലും വില്‍ക്കുന്നതായി പരാതിയുണ്ട്.
ഒരേ ഉത്പന്നത്തിന് നിര്‍മ്മാതാവ്/പായ്ക്കര്‍ പല എം.ആര്‍.പി രേഖപ്പെടുത്തുന്നത് കുറ്റകരമാണ്. ഇക്കാര്യത്തില്‍ ഉപഭോക്തൃ ജാഗ്രത ഉണ്ടാകണം. ഉപഭോക്താക്കളുടെ പരാതികളില്‍ കര്‍ശനമായ പരിശോധനകളും നിയമ നടപടികളും സ്വീകരിക്കുമെന്ന് ദക്ഷിണമേഖലാ ഡെപ്യൂട്ടി കണ്‍ട്രോളര്‍ അറിയിച്ചു.
Discussion about this post