തിരുവനന്തപുരം: കേരള സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡിന്റെ 2016 ലെ ജൈവവൈവിധ്യ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച പരിസ്ഥിതി സംരക്ഷകനുള്ള പുരസ്‌കാരത്തിന് കൊല്ലം ജില്ലയിലെ വി.കെ. മധുസൂദനന്‍ അര്‍ഹനായി.
മികച്ച ജൈവകര്‍ഷകനായി കാസര്‍ഗോഡ് ജില്ലയിലെ അഗസ്തി പെരുമാട്ടിക്കുന്നേലും നാടന്‍ കന്നുകാലികളുടെ സംരക്ഷകനായി തൃശ്ശൂര്‍ ജില്ലയിലെ ഹരിഹരി അയ്യരും, നാടന്‍ വിളയിനങ്ങളുടെ സംരക്ഷകനായി വയനാട് ജില്ലയിലെ എന്‍ എം ഷാജിയും, നാട്ടറിവുകളുടെ സംരക്ഷകനായി തിരുവനന്തപുരം ജില്ലയിലെ പി. അപ്പുകുട്ടന്‍ കാണി വൈദ്യരും തിരഞ്ഞെടുക്കപ്പെട്ടു. ജൈവവൈവിധ്യ സംരക്ഷണ രംഗത്തെ മികച്ച സംഘടനയ്ക്കുള്ള പുരസ്‌കാരം കണ്ണൂര്‍ ജില്ലയിലെ കേരളാ ഇന്‍ഷ്യേറ്റീവ് ടു സേവ് അഗ്രികള്‍ച്ചറല്‍ & നേച്ചറിനാണ്.
മികച്ച ജൈവവൈവിധ്യ ഗവേഷകനുള്ള പുരസ്‌കാരത്തിന് സെന്‍ട്രല്‍ മറൈന്‍ ഫിഷറീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ. കെ.കെ ജോഷി അര്‍ഹനായി. മികച്ച ജൈവവൈവിധ്യ ഡോക്യുമെന്ററിക്ക് ജീവന്‍ ടി.വി. ഡെപ്യൂട്ടി ന്യൂസ് എഡിറ്റര്‍ സുബിതാ സുകുമാറും, മികച്ച ജൈവവൈവിധ്യ മാധ്യമ പ്രവര്‍ത്തകനായി കണ്ണൂര്‍ ജില്ലയിലെ ഇ. ഉണ്ണിക്കൃഷ്ണനും അര്‍ഹരായി. കോളേജ് വിഭാഗത്തില്‍ പാലക്കാട് ജില്ലയിലെ ചിറ്റൂര്‍ ഗവണ്‍മെന്റ് കോളേജിനാണ് അവാര്‍ഡ്. അമ്പതിനായിരം രൂപയും, ഫലകവും, പ്രശസ്തി പത്രവുമാണ് ഈ വിഭാഗങ്ങള്‍ക്കെല്ലാമുള്ള പുരസ്‌കാരം.
ഹൈസ്‌കൂള്‍/ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ മലപ്പുറം ജില്ലയിലെ കെ എച്ച് എം എച്ച് എസ് എസ് വാളക്കുളം സ്‌കൂളും, ആലപ്പുഴ ജില്ലയിലെ വി.വി.എച്ച് എസ് എസ്, താമരക്കുളം സ്‌കൂളും അവാര്‍ഡിന് അര്‍ഹമായി. ഇരുപത്തി അയ്യായിരം രൂപയും ഫലകവും, പ്രശസ്തി പത്രവുമാണ് ലഭിക്കുക.
Discussion about this post