തിരുവനന്തപുരം: ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ നടക്കുന്ന ശ്രീരാമനവമി മഹോത്സവം ഏപ്രില്‍ 16ന് ആറാട്ടോടുകൂടി സമാപിക്കും. വൈകുന്നേരം 3.30 ന് ജ്യോതിക്ഷേത്രത്തില്‍ നിന്നാരംഭിക്കുന്ന ആറാട്ടുഘോഷയാത്ര ചേങ്കോട്ടുകോണം, ശാസ്തവട്ടം, കാട്ടായിക്കോണം, അരിയോട്ടുകോണം വഴി ശ്രീപണിമൂലദേവീക്ഷേത്രസന്നിധിയില്‍ എത്തിച്ചേരും. 6ന് ക്ഷേത്രക്കുളത്തില്‍ നടക്കുന്ന ആറാട്ടുപൂജകള്‍ക്ക് സ്വാമി ബ്രഹ്മപാദാനന്ദസരസ്വതി തൃപ്പാദങ്ങള്‍ മുഖ്യകാര്‍മികത്വം വഹിക്കും. പണിമൂലദേവീക്ഷേത്രത്തില്‍ ആറാട്ട് സമ്മേളനവും പായസസദ്യയും നടക്കും. തുടര്‍ന്ന് ആശ്രമത്തില്‍ തിരിച്ചെത്തി ധ്വജാവരോഹണം നടക്കുന്നതോടെ ഇക്കൊല്ലത്തെ ശ്രീരാമനവമി മഹോത്സവം സമാപിക്കും.