തിരുവനന്തപുരം: ചെറിയഴീക്കല്‍ വടക്കേനട ഭഗവതി ക്ഷേത്രത്തിലെ മേടമാസ തോറ്റംപാട്ട് മഹോത്സവം ഗ്രീന്‍ പ്രോട്ടോക്കോള്‍ (ഹരിത ചട്ടങ്ങള്‍) പാലിച്ചു നടത്തുവാന്‍ തീരുമാനിച്ചു. ജില്ലാ ശുചിത്വ മിഷന്‍ കോഓര്‍ഡിനേറ്റര്‍ ജി കൃഷ്ണകുമാര്‍ അരയവംശ പരിപാലനയോഗം ഭാരവാഹികളുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.
ക്ഷേത്ര പരിസരത്തും ഭക്തര്‍ ഭജനമിരിക്കുന്ന കുടിലുകളിലും പ്ലാസ്റ്റിക് കവറുകള്‍, പ്ലാസ്റ്റിക് കുപ്പി വെളളം, ഡിസ്‌പോസിബിള്‍ സാമഗ്രികളായ പ്ലാസ്റ്റിക്കിലും പേപ്പറിലും നിര്‍മിച്ച കപ്പുകള്‍, പ്ലേറ്റുകള്‍ എന്നിവ ഉപയോഗിക്കരുതെന്ന് നിര്‍ദേശിക്കും. പകരം കഴുകി ഉപയോഗിക്കാവുന്ന പാത്രങ്ങള്‍ ഉപയോഗിക്കും. ക്ഷേത്ര സമീപത്തെ വ്യാപാരികളും ഇതുമായി സഹകരിക്കണമെന്ന് അരയവംശ പരിപാലനയോഗം ഭാരവാഹികള്‍ അഭ്യര്‍ഥിച്ചു. ഉത്സവത്തോടനുബന്ധിച്ചുളള അന്നദാനത്തിന് ഭക്ഷണം, കുടിവെളളം എന്നിവ കഴുകി ഉപയോഗിക്കാവുന്ന സ്റ്റീല്‍ പാത്രങ്ങളില്‍ നല്‍കും. ക്ഷേത്രത്തിലെ ചടങ്ങുകള്‍ക്ക് ശേഷം വരാനിടയുളള അജൈവ മാലിന്യങ്ങളുടെ അളവ് കുറക്കുന്നതിനാണ് ഹരിത ചട്ടങ്ങള്‍ പാലിക്കുന്നത്.
ക്ഷേത്രത്തിലെ ജീവനക്കാര്‍ക്കും ഭജനക്കുടിലുകളിലെ ഭക്തര്‍ക്കും ഹരിതചട്ടങ്ങള്‍ സംബന്ധിച്ച് ജില്ലാ ശുചിത്വ മിഷന്‍ പരിശീലനം നല്‍കും. സര്‍ക്കാരിന്റെ സ്വച്ഛ് ഭാരത്, ഹരിതകേരളം മിഷനുകളുമായി സഹകരിക്കുമെന്ന് ക്ഷേത്ര ഭാരവാഹികള്‍ പറഞ്ഞു.
Discussion about this post