തിരുവനന്തപുരം: പാമോയില്‍ കേസിലെ അന്വേഷണഗതി പരമോന്നത നീതിപീഠം പോലും ശരിവെച്ചിട്ടും വസ്തുതകള്‍ക്കെതിരെ പുറംതിരിഞ്ഞുനില്‍ക്കുകയാണ് ഉമ്മന്‍ ചാണ്ടിയെന്ന് മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ കുറ്റപ്പെടുത്തി.
പാമോയില്‍ ഇടപാടില്‍ ക്രമക്കേടും അഴിമതിയും നടന്നതായി ചൂണ്ടിക്കാട്ടി സംസ്ഥാന വിജിലന്‍സ് ബ്യൂറോ ’97ലാണ് തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ പ്രഥമവിവര റിപ്പോര്‍ട്ട് ഫയല്‍ ചെയ്തത്. ഇതിനെതിരെ കേസിലെ ഒന്നാം പ്രതി കെ. കരുണാകരന്‍ ഹൈകോടതിയില്‍ ഹരജി സമര്‍പ്പിച്ചു. എഫ്.ഐ.ആറില്‍ പ്രഥമദൃഷ്ട്യാ കുറ്റം വെളിപ്പെടുന്നുവെന്ന് പറഞ്ഞ് ഹരജി കോടതി തള്ളുകയായിരുന്നു. കരുണാകരന്‍ സുപ്രീം കോടതിയെ സമീപിച്ചെങ്കിലും അതും തള്ളി. എഫ്.ഐ.ആറില്‍ രാഷ്ട്രീയ ദുരുദ്ദേശ്യമോ മറ്റെന്തെങ്കിലും ബാഹ്യ താല്‍പര്യങ്ങളോ ഇല്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിട്ടുമുണ്ട്.
പാമോയില്‍ ഇടപാടില്‍ സംസ്ഥാന ഖജനാവിന് ലാഭമുണ്ടായതാണ് ഉമ്മന്‍ ചാണ്ടിയുടെ അവകാശവാദം. ഇതിനുള്ള മറുപടി എം.എം. ഹസന്‍ ചെയര്‍മാനായ യു.ഡി.എഫിന് ഭൂരിപക്ഷമുള്ള നിയമസഭയുടെ പബ്ലിക് അണ്ടര്‍ടേക്കിങ് കമ്മിറ്റിയുടെ റിപ്പോര്‍ട്ടില്‍ലുണ്ട്.
സാധാരണക്കാരെ പിഴിഞ്ഞെടുത്താണ് പാമോയില്‍ ഇറക്കുമതി ഏജന്റായ പി.ആന്റ്.ഇ കമ്പനിക്കാരന് സാമ്പത്തികനേട്ടം ഉണ്ടാക്കിക്കൊടുത്തതെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ഉദ്യോഗസ്ഥതലത്തിലല്ല, അവരെ നിയന്ത്രിക്കുന്ന ഭരണതലത്തിലാണ് ഇടപാട് സംബന്ധിച്ച അന്തിമതീരുമാനങ്ങളെല്ലാം എടുത്തതെന്ന് പി.യു.സി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഭരണതലത്തില്‍ തീരുമാനമെടുത്തവര്‍ അന്നത്തെ മുഖ്യമന്ത്രി കരുണാകരനും ധനമന്ത്രി ഉമ്മന്‍ ചാണ്ടിയും ഭക്ഷ്യമന്ത്രി ടി.എച്ച്. മുസ്തഫയുമാണ്.
’92 ജൂലൈ 20ന് നിയമസഭയില്‍ നടന്ന ചര്‍ച്ചയില്‍ മന്ത്രി ടി.എച്ച്. മുസ്തഫ ഇക്കാര്യം തുറന്ന് സമ്മതിച്ചിട്ടുണ്ട്. ഈ തെളിവുകളെല്ലാം തനിക്കെതിരെ തിരിയാമെന്ന് ഉമ്മന്‍ ചാണ്ടിക്കറിയാം. അതുകൊണ്ടാണ് 2005ല്‍ ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായ ഉടനെ കേസ് പിന്‍വലിക്കാന്‍ തീരുമാനമെടുത്തത്. പാമോയില്‍ ഇറക്കുമതി ചെയ്യാന്‍ സന്നദ്ധത പ്രകടിപ്പിച്ച് ഒരു കമ്പനിയും തന്നോട് രേഖാമൂലം അഭ്യര്‍ഥിച്ചില്ലെന്ന ഉമ്മന്‍ ചാണ്ടിയുടെ വാദവും വാസ്തവവിരുദ്ധമാണ്. ധനകാര്യവകുപ്പിന്റെ ഫയലുകളില്‍ സി.ഐ കമ്മോഡിറ്റീസ് എന്ന കൊച്ചിയിലെ കമ്പനി പി.ആന്‍ഡ്.ഇ കമ്പനിയുടേതിനേക്കാള്‍ മെച്ചപ്പെട്ട വ്യവസ്ഥയില്‍ കേരളത്തിന് പാമോയില്‍ നല്‍കാമെന്ന് പറഞ്ഞ് ധനമന്ത്രി ഉമ്മന്‍ ചാണ്ടിക്കയച്ച ടെലക്‌സ് സന്ദേശം ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ സന്ദേശത്തില്‍ ധനമന്ത്രിയുടെ ഔദ്യോഗിക സീല്‍വെച്ച് ഉമ്മന്‍ചാണ്ടി ഒപ്പിട്ടിട്ടുണ്ട്.
ഇതേ കമ്പനി ഇന്ത്യന്‍ രൂപയില്‍ പാമോയിലിന്റെ വില കാണിച്ച് അയച്ച സന്ദേശത്തിലും ഉമ്മന്‍ ചാണ്ടി ഒപ്പ് വെച്ചിട്ടുണ്ട്. രണ്ട് സന്ദേശങ്ങളും ഉമ്മന്‍ചാണ്ടി കമ്മീഷണര്‍ ആന്‍ഡ് സെക്രട്ടറി ഫിനാന്‍സിനാണ് മാര്‍ക്ക് ചെയ്തിരിക്കുന്നത്. പി.ആര്‍.ഇ കമ്പനിയുടെ ഓഫര്‍ ലെറ്റര്‍ എന്തുകൊണ്ട് കമീഷണര്‍ ആന്‍ഡ് സെക്രട്ടറിക്ക് മാര്‍ക്ക് ചെയ്തില്ലെന്ന് മുഖ്യമന്ത്രി ചോദിച്ചു.
Discussion about this post