ചെന്നൈ: സ്‌പെക്ട്രം കുംഭകോണക്കേസിലെ മുഖ്യകണ്ണികളിലൊരാളും മുന്‍ കേന്ദ്ര ടെലികോം മന്ത്രി എ. രാജയുടെ അടുത്ത സഹായിയുമായ സാദിക് ബാഷയെ (47) മരിച്ച നിലയില്‍ കണ്ടെത്തി. ബുധനാഴ്ച ചെന്നൈയില്‍ സ്റ്റെല്ലാ മേരീസ് കോളേജിനു പിന്നിലായുള്ള എല്ലയമ്മന്‍ ദേവി തെരുവിലുള്ള വീട്ടില്‍ സാദിക് ബാഷ തൂങ്ങി മരിക്കുകയായിരുന്നു.ഉച്ച തിരിഞ്ഞ് ഒന്നരയോടെ ബാഷയുടെ ഭാര്യ രഹാനഭാനുവാണ് ബാഷയെ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്.
സാദിക് ബാഷയുടെ മൃതദേഹം വ്യാഴാഴ്ച ചെന്നെയിലെ റോയപ്പെട്ട ആസ്പത്രി യില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് വിധേയമാക്കും. മരണത്തിന് താന്‍ തന്നെയാണ് ഉത്തരവാദിയെന്ന് സാദിക് ബാഷ വ്യക്തമാക്കുന്ന ആത്മഹത്യാക്കുറിപ്പ് കിടപ്പുമുറിയില്‍ നിന്ന് കണ്ടെടുത്തായി പോലീസ് പറഞ്ഞു. സ്‌പെക്ട്രം കുംഭകോണക്കേസില്‍ എ. രാജ നിരപരാധിയാണെന്ന് ബാഷ കുറിപ്പില്‍ എഴുതിയിട്ടുണ്ടെന്നും സൂചനയുണ്ട്. കേസില്‍ തന്റെ പങ്ക് മാധ്യമങ്ങള്‍ വല്ലാതെ പെരുപ്പിച്ചു കാട്ടിയതായി കുറിപ്പില്‍ ബാഷ കുറ്റപ്പെടുത്തുന്നുണ്ടെന്നും പോലീസ് പറഞ്ഞു. ആത്മഹത്യാക്കുറിപ്പ് ബാഷയുടേതു തന്നെയാണെന്ന് ഉറപ്പുവരുത്താന്‍ ഫോറന്‍സിക് അധികൃതരുടെ സേവനം ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.
സ്‌പെക്ട്രം കുംഭകോണക്കേസില്‍ ബാഷ മാനേജിങ് ഡയറക്ടറായിട്ടുള്ള ഗ്രീന്‍ ഹൗസ് പ്രൊമോട്ടേഴ്‌സിന്റെ ഓഫീസിലും വീട്ടിലും സി.ബി.ഐ. റെയ്ഡ് നടത്തിയിരുന്നു. പിന്നീട് ഡല്‍ഹിയില്‍ വിളിച്ചുവരുത്തിയും ബാഷയെ സി.ബി.ഐ. ചോദ്യം ചെയ്തിരുന്നു. സ്‌പെക്ട്രം കേസില്‍ മാപ്പുസാക്ഷിയാവുന്നതിന് ബാഷയുടെ മേല്‍ സമ്മര്‍ദമുണ്ടായിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. സ്‌പെക്ട്രം ലൈസന്‍സ് വിതരണത്തിലൂടെ ലഭിച്ച കൈക്കൂലിയില്‍ വലിയൊരു ഭാഗം കൈമാറ്റം ചെയ്തത് ബാഷയുടെ കമ്പനിയിലൂടെയായിരുന്നുവെന്നാണ് സി.ബി.ഐ.സംശയിക്കുന്നത്.
സാദിക് ബാഷയുടെ മരണത്തില്‍ സംശയമുണ്ടെന്നും സത്യം പുറത്തുവരുന്നതിന് സി.ബി.ഐ. അന്വേഷണം വേണമെന്നും എ.ഐ.എ.ഡി.എം.കെ. ജനറല്‍ സെക്രട്ടറി ജയലളിതയും ജനതാപാര്‍ട്ടി പ്രസിഡന്റ് സുബ്രഹ്മണ്യന്‍ സ്വാമിയും സി.പി.എം. സെക്രട്ടറി ജി. രാമകൃഷ്ണനും ആവശ്യപ്പെട്ടു. ബുധനാഴ്ച ഉച്ചയോടെ ചെന്നൈയിലെ അപ്പോളോ അസ്പത്രിയിലാണ് ബാഷയെ ബന്ധുക്കളും ജോലിക്കാരും ചേര്‍ന്ന് ആദ്യമെത്തിച്ചത്. എന്നാല്‍, ആസ്പത്രിയിലെത്തുമ്പോള്‍ ബാഷ മരിച്ചു കഴിഞ്ഞിട്ടുണ്ടായിരുന്നുവെന്ന് ആസ്പത്രി അധികൃതര്‍ പറഞ്ഞു. പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം ബാഷയുടെ ജഡം വ്യാഴാഴ്ച ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കുമെന്ന് പോലീസ് പറഞ്ഞു.
സേലത്തും പരിസരങ്ങളിലും സാരിക്കച്ചവടമായിരുന്നു സാദിക്കിന്റെ ആദ്യ തൊഴില്‍.സാരിയില്‍ നിന്ന് സാദിക് പതുക്കെ ഇലക്‌ട്രോണിക്‌സ് സാധനങ്ങളിലേക്ക് മാറി. റേഡിയോയും ടേപ്പ്‌റെക്കോര്‍ഡറുകളുമൊക്കെയായിരുന്നു പ്രധാന വില്പന. സേലം വിട്ട് സാദിക് ബാഷ, രാജയുടെ നാടായ പെരമ്പലൂരിലെത്തുന്നത് ഈ കാലത്താണ്.
എ. രാജ എന്ന ഡി.എം.കെ. നേതാവുമായി പരിചയപ്പെട്ടതാണ് സാദിക്കിന്റെ തലവര മാറ്റിമറിച്ചത്. പെരമ്പലൂരുകാരനായ രാജയ്ക്ക് സാദിക്കിന്റെ വളരാനുള്ള ആവേശം നന്നെ പിടിച്ചു. സാദിക്കിനോട് ചെന്നൈയിലേക്ക് വരാനും റിയല്‍ എസ്റ്റേറ്റിലേക്ക് കടക്കാനും ഉപദേശിച്ചത് രാജയായിരുന്നു. 2004-ല്‍ സാദിക് ബാഷ ചെന്നൈയില ഗ്രീന്‍ ഹൗസ് പ്രൊമോട്ടേഴ്‌സ് എന്ന റിയല്‍ എസ്റ്റേറ്റ് സ്ഥാപനത്തിന് തുടക്കമിടുമ്പോള്‍ ആണ്ടിമുത്തു രാജ ആദ്യ യു.പി.എ. സര്‍ക്കാറില്‍ പരിസ്ഥിതി വനം മന്ത്രിയായി ചുമതലയേറ്റുകഴിഞ്ഞിരുന്നു.
കേന്ദ്ര പരിസ്ഥിതി മന്ത്രിയായിരിക്കുമ്പോഴാണ് മുംബൈയിലെ റിയല്‍ എസ്റ്റേറ്റ് ബിസിനസ്സുകാരന്‍ ഷാഹിദ് ഉസ്മാന്‍ ബല്‍വ, രാജയുമായി പരിചയത്തിലാവുന്നത്. ആ കാലഘട്ടം മുതല്‍ക്കുതന്നെ തനിക്ക് സാദിക് ബാഷയെയും അറിയാമെന്ന് ബല്‍വ സി.ബി.ഐ. ഉദ്യോഗസ്ഥരുടെ ചോദ്യംചെയ്യലില്‍ സമ്മതിച്ചിട്ടുണ്ട്. ചെന്നൈയിലും പെരമ്പലൂരിലും നിരവധി പ്രൊജക്ടുകള്‍ ഗ്രീന്‍ ഹൗസ് പ്രൊമോട്ടേഴ്‌സ് ഏറ്റെടുത്തതില്‍ ബല്‍വയ്ക്കും പങ്കുണ്ടായിരുന്നുവെന്നാണ് സി.ബി.ഐ. സംശയിക്കുന്നത്.
അടുത്തിടെ പെരമ്പല്ലൂരിനടുത്ത് എം.ആര്‍.എഫ്. പുതിയ പ്ലാന്റ് തുടങ്ങാന്‍ തീരുമാനിച്ചപ്പോള്‍ ഭൂമി ഏറ്റെടുത്തുനല്‍കാന്‍ രംഗത്തെത്തിയത് ഗ്രീന്‍ ഹൗസ് പ്രൊമോട്ടേഴ്‌സ് ആയിരുന്നു. ദളിതരടക്കമുള്ള പാവപ്പെട്ട കര്‍ഷകരില്‍നിന്ന് ഏക്കറിന് 50,000 രൂപയ്ക്കും 60,000 രൂപയ്ക്കുമൊക്കെ വാങ്ങിയ നൂറുകണക്കിന് ഏക്കര്‍ഭൂമി ഏക്കറൊന്നിന് 15 ലക്ഷം രൂപയ്ക്ക് ഗ്രീന്‍ ഹൗസ് പ്രൊമോട്ടേഴ്‌സ് മറിച്ചുവില്‍ക്കുകയായിരുന്നുവെന്നാണ് ആരോപണം.രാജയുടെ ഭാര്യ പരമേശ്വരി ഗ്രീന്‍ഹൗസ് പ്രൊമോട്ടേഴ്‌സില്‍ ഡയറക്ടറായിരുന്നു. ഇടയ്ക്ക് വിവാദങ്ങള്‍ പൊട്ടിപ്പുറപ്പെട്ടപ്പോഴാണ് പരമേശ്വരി ഈ സ്ഥാനം രാജിവെച്ചത്. രാജയുടെ സഹോദരന്‍ കാളിയപെരുമാളും മരുമകന്‍ രാം ഗണേഷും ഈ കമ്പനിയില്‍ ഇപ്പോഴും ഡയറക്ടര്‍മാരാണ്.സ്‌പെക്ട്രം കുംഭകോണത്തില്‍ നിന്ന് ഓടിയൊളിക്കാന്‍ കഠിനപ്രയത്‌നം ചെയ്യുന്നതിനിടയിലാണ് ബാഷയുടെ ആത്മഹത്യ ഡി.എം.കെ.ക്കുമേല്‍ ഇടിത്തീ പോലെ വീണിരിക്കുന്നത്.സ്‌പെക്ട്രം കുംഭകോണമായിരിക്കും ഈ തിരഞ്ഞെടുപ്പിലെ മുഖ്യ പ്രചാരണ വിഷയമെന്ന് എ.ഐ.എ.ഡി.എം.കെ. നേതാവ് ജയലളിത വ്യക്തമാക്കിയിട്ടുണ്ട്. ബാഷയുടെ ആത്മഹത്യ ജയലളിതയുടെ ആക്രമണങ്ങള്‍ക്ക് കുറേക്കൂടി മൂര്‍ച്ച നല്കുമെന്നതുറപ്പാണ്. ബാഷയുടെ ആത്മഹത്യ സി.ബി.ഐ. അന്വേഷിക്കണമെന്ന് ജനതാ പാര്‍ട്ടി പ്രസിഡന്റ് സുബ്രഹ്മണ്യന്‍ സ്വാമി ആവശ്യപ്പെട്ടു കഴിഞ്ഞു. എന്തായാലും സ്‌പെക്ട്രം കുംഭകോണത്തിന്റെ കരിനിഴല്‍ ഡി.എം.കെ.ക്ക് മുകളില്‍ ഒന്നുകൂടി കനക്കുകയാണ്.
Discussion about this post