തിരുവനന്തപുരം; 2015ലെ സംസ്ഥാന മാധ്യമ അവാര്‍ഡുകളുടെയും പത്രപ്രവര്‍ത്തക പെന്‍ഷന്‍ പദ്ധതി പാസ് ബുക്കിന്റെയും വിതരണം ഏപ്രില്‍ 25ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ടാഗോര്‍ തീയറ്ററില്‍ വൈകിട്ട് നാലിന് നടക്കുന്ന ചടങ്ങില്‍ സഹകരണ-ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷത വഹിക്കും. അച്ചടി, ദൃശ്യ മാധ്യമങ്ങളിലായി ജനറല്‍ റിപ്പോര്‍ട്ടിംഗ്, വികസനോന്‍മുഖ റിപ്പോര്‍ട്ടിംഗ്, ന്യൂസ് ഫോട്ടോഗ്രാഫി, കാര്‍ട്ടൂണ്‍, ടി.വി ന്യൂസ് റിപ്പോര്‍ട്ടിംഗ്, ടി.വി. ന്യൂസ് എഡിറ്റിംഗ്, ടി.വി. ന്യൂസ് ക്യാമറ വിഭാഗങ്ങളിലാണ് പുരസ്‌കാരങ്ങള്‍. പ്രത്യേക അദാലത്തുകളിലൂടെ പത്രപ്രവര്‍ത്തക പെന്‍ഷന്‍ പദ്ധതിയില്‍ അംഗത്വം ലഭിച്ച 500 ഓളം മാധ്യമപ്രവര്‍ത്തകര്‍ക്കുള്ള പാസ്ബുക്കുകളാണ് വിതരണം ചെയ്യുന്നത്. ചടങ്ങില്‍ മേയര്‍ വി.കെ. പ്രശാന്ത്, വി.എസ്. ശിവകുമാര്‍ എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു, കേരള മീഡിയ അക്കാദമി ചെയര്‍മാന്‍ ആര്‍.എസ്. ബാബു, പത്രപ്രവര്‍ത്തക യൂണിയന്‍ ജനറല്‍ സെക്രട്ടറി സി. നാരായണന്‍, പ്രസിഡന്റ് പി.എ. അബ്ദുല്‍ ഗഫൂര്‍, പ്രസ് ക്ലബ് പ്രസിഡന്റ് പ്രദീപ് പിള്ള, കേസരി സ്മാരക ട്രസ്റ്റ് സെക്രട്ടറി സി. റഹീം എന്നിവര്‍ ആശംസകള്‍ നേരും. ഇന്‍ഫര്‍മേഷന്‍ പബ്ളിക് റിലേഷന്‍സ് ഡയറക്ടര്‍ ഡോ. കെ. അമ്പാടി സ്വാഗതവും അഡീഷണല്‍ ഡയറക്ടര്‍ പി. വിനോദ് നന്ദിയും പറയും. ചടങ്ങിനെത്തുടര്‍ന്ന് വനിതകള്‍ മാത്രം ഉള്‍പ്പെട്ട ഇന്ത്യയിലെ ജനപ്രിയ സംഗീത ബ്രാന്റായ ‘ഇന്‍ഡിവ’ അവതരിപ്പിക്കുന്ന സംഗീത പരിപാടിയും അരങ്ങേറും.
Discussion about this post