ന്യൂഡല്‍ഹി: 2008ല്‍ വിശ്വാസവോട്ടിനായി യു.പി.എ സര്‍ക്കാര്‍ എം.പിമാര്‍ക്ക് പണം നല്‍കിയെന്ന വിക്കിലീക്‌സ് വെളിപ്പെടുത്തല്‍ വിവാദമാകുന്നു. ഈ പ്രശ്‌നം ഉന്നയിച്ച് പാര്‍ലമെന്റിന്റെ ഇരുസഭകളിലും പ്രതിപക്ഷം ബഹളം വെച്ചു. ബഹളത്തെത്തുടര്‍ന്ന് ഇരുസഭകളും നിര്‍ത്തിവെച്ചു.
ലോക്‌സഭയില്‍ സി.പി.എമ്മിന്റെ ബുദ്ധദേവ് ദാസ് ഗുപ്തയാണ് വിഷയം ഉന്നയിച്ചത്. വിക്കിലീക്‌സ് വെളിപ്പെടുത്തല്‍ ശരിയാണെങ്കില്‍ അത് ജനാധിപത്യത്തെ ഹനിക്കലാണെന്ന് ഗുപ്ത പറഞ്ഞു. രാജ്യസഭയില്‍ ബി.ജെ.പി നേതാവ് അരുണ്‍ ജെയ്റ്റലിയാണ് ഇക്കാര്യം ഉന്നയിച്ചത്. പുതിയ വെളിപ്പെടുത്തലിന്റെ വെളിച്ചത്തില്‍ അധികാരത്തില്‍ തുടരാനുള്ള ധാര്‍മികത നഷ്ടപ്പെട്ടെന്നും സര്‍ക്കാര്‍ രാജിവെക്കണമെന്നും ജെയ്റ്റലി ആവശ്യപ്പെട്ടു.
ആണവ കരാറിന്റെ പേരില്‍ ഇടതുപക്ഷം പിന്തുണ പിന്‍വലിച്ചതിനെ തുടര്‍ന്ന് പാര്‍ലമെന്റില്‍ വിശ്വാസവോട്ട് തേടിയ യു.പി.എ സര്‍ക്കാര്‍ എം.പിമാരുടെ പിന്തുണ നേടാനായി കോഴ നല്‍കിയെന്നാണ് ആരോപണം.
കോണ്‍ഗ്രസ് നേതാവ് സതീശ് ശര്‍മയുടെ വിശ്വസ്തന്‍ യു.എസ് എംബസിയിലെ ഉദ്യോഗസ്ഥന് നോട്ടുകെട്ടുകള്‍ കാട്ടിക്കൊടുത്തുവെന്നും എം.പിമാരുടെ പിന്തുണ നേടാനായി 50 കോടി രൂപ സമാഹരിച്ചിട്ടുണ്ടെന്ന് പറഞ്ഞെന്നും വിക്കിലീക്‌സ് വെളിപ്പെടുത്തിയിട്ടുണ്ട്. അജിത് സിങ്ങിന്റെ രാഷ്ട്രീയ ലോക്ദളില്‍ നിന്നുള്ള നാല് എം.പിമാര്‍ക്ക് ഇതില്‍ നിന്ന് 10 കോടി രൂപ ഇയാള്‍ നല്‍കിയെന്നും വെളിപ്പെടുത്തലിലുണ്ട്.ഇക്കാര്യങ്ങള്‍ കാണിച്ച് 2008 ജൂലായ് 17ന് അമേരിക്കന്‍ വിദേശകാര്യ മന്ത്രാലയത്തിലേയ്ക്ക് അയച്ച കത്താണ് വിക്കിലീക്‌സ് പുറത്തുവിട്ടത്.
Discussion about this post