തൃശൂര്‍: തൃശൂര്‍ പൂരം സുരക്ഷിതവും സുഗമമായും നടത്തുന്നതിന് ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി. ജില്ലാ കളക്ടര്‍ ഡോ.എ.കൗശിഗന്‍, ചീഫ് കണ്‍ട്രോളറായുളള വിപുലമായ സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുളളത്.
പെട്രോളിയം ആന്‍ഡ് എക്‌സ്‌പ്ലോസീവസ് സേഫ്റ്റി ഓര്‍ഗനൈസേഷന്‍ ചെന്നൈ ചീഫ് ജോയിന്റ് കണ്‍ട്രോളര്‍ ഡോ.എ.കെ.യാദവ്, ജില്ലാ ഭരണകൂടത്തിന്റെ സുരക്ഷാക്രമീകരണങ്ങളില്‍ തൃപ്തി അറിയിച്ചു. കോര്‍പ്പറേഷന്‍ പരിധി സുരക്ഷാ ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിലാണ്. 41 സി.സി.ടി.വി ക്യാമറയുടെ നിരീക്ഷണവും ഒരുക്കിയിട്ടുണ്ട്. അലഞ്ഞു തിരിഞ്ഞു നടക്കുന്ന കന്നുകാലികളെ പൗണ്ടില്‍ കെട്ടി. വൈദ്യൂതി സബ് സ്റ്റേഷനുകള്‍, ഉയര്‍ന്ന കെട്ടിടങ്ങള്‍, ജനങ്ങള്‍ കൂടുതലായി വന്നു പോകുന്ന കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.
സുരക്ഷാക്രമീകരണങ്ങള്‍ ഏകോപിപ്പിക്കുന്നതിന് മൊബൈല്‍ ഫോണ്‍ കൂടാതെ പോലീസിന്റെ വയര്‍ലെസ് സെറ്റും ഹാം റേഡിയോയും ഉപയോഗിക്കും. എട്ട് ഫയര്‍ എഞ്ചിനുകള്‍ നിര്‍ണ്ണായ കേന്ദ്രങ്ങളില്‍ സജ്ജീകരിക്കും. ഇലഞ്ഞിത്തറ മേള നടക്കുന്ന വടക്കുന്നാഥ ക്ഷേത്രത്തിലും കണ്‍ട്രോള്‍ റൂമിലുമായ ഫസ്റ്റ് എയഡ് കേന്ദ്രങ്ങള്‍ തുറക്കും. തേക്കിന്‍കാട് മൈതാനത്തിന് ചുറ്റും അഞ്ച് കേന്ദ്രങ്ങളും ഒരുക്കും. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ സ്വകാര്യ ആശുപത്രികളുടെ മെഡിക്കല്‍ സംഘങ്ങളും അടിയന്തര സന്ദര്‍ഭം നേരിടാന്‍ രംഗത്തുണ്ടാകും.
തേക്കിന്‍കാട് മൈതനാത്തെ 32 ഫയര്‍ ഹൈഡ്രന്റ് സ്ഥാപിച്ചിട്ടുളളതിന്റെ ഉദ്ഘാടനം മെയ് 4ന് വൈകീട്ട് നടക്കും. സ്വരാജ് റൗണ്ടിന്റെ 70 ശതമാനവും പ്രദേശവും ഫയര്‍ ഹൈഡ്രന്റിന്റെ പരിധിയില്‍ വരുന്ന രീതിയിലാണ് ക്രമീകരിച്ചിട്ടുളളത്. 35000 ലിറ്റര്‍ വെളളം ഹൈഡ്രന്ററായി സംഭരിച്ചിട്ടുണ്ട്. വൈദ്യൂതി വിതരണത്തില്‍ തടസ്സം നേരിട്ടാല്‍ പരിഹരിക്കുന്നതിന് ഡീസല്‍ ജനറേറ്ററുള്‍പ്പെടെ സംവിധാനങ്ങള്‍ കൂടി ഏര്‍പ്പെടുത്തി.
ജില്ലാ ഭരണകൂടം, പോലീസ്, ദേവസ്വങ്ങള്‍ എന്നിവര്‍ പെട്രോളിയം ആന്‍ഡ് എക്‌സ്‌പ്ലോസീവസ് സേഫ്റ്റി ഓര്‍ഗനൈസേഷന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശ പ്രകാരം കനത്ത സുരക്ഷ ഒരുക്കിയിട്ടുളളതെന്ന് ജില്ലാ കളക്ടര്‍ ഡോ.എ.കൗശിഗന്‍ അവലോകന യോഗത്തില്‍ അറിയിച്ചു. ഇലൂമിനസ് ജാക്കറ്റും ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡുമില്ലാത്തവരെ സുരക്ഷാ ബാരിക്കേഡിന് അകത്ത് പ്രവേശിപ്പിക്കില്ലെന്ന് പെസോ ചെന്നൈ ജോയിന്റ് ചീഫ് കണ്‍ട്രോളര്‍ ഡോ.എ.കെ.യാദവും ഹൈദ്രബാദ് ഡെപ്യൂട്ടി ചീഫ് കണ്‍ട്രോളര്‍ ആര്‍.വേണുഗോപാല്‍ എന്നിവര്‍ സംയുക്തമായി അറിയിച്ചു.
Discussion about this post