തിരുവനന്തപുരം: കുടുംബശ്രീയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന ബാലസഭകളില്‍ അംഗങ്ങളുടെ എണ്ണം ഉയര്‍ത്താന്‍ പ്രവര്‍ത്തകര്‍ ശ്രദ്ധിക്കണമെന്ന് തദ്ദേശ സ്വയംഭരണമന്ത്രി ഡോ. കെ.ടി. ജലീല്‍ പറഞ്ഞു. സെക്രട്ടേറിയറ്റിലെ പഴയ നിയമസഭാഹാളില്‍ ചേര്‍ന്ന കുടുംബശ്രീ ബാല പാര്‍ലമെന്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കുടുംബശ്രീയില്‍ നാല്പത്തിനാല് ലക്ഷം അംഗസംഖ്യയാണുള്ളത്. അത്രയും അംഗസംഖ്യയെങ്കിലും ബാലസഭയിലുമുണ്ടാവണം. ഇപ്പോള്‍ വെറും എട്ടുലക്ഷം പേര്‍ മാത്രമേ ബാലസഭയില്‍ അംഗത്വമെടുത്തിട്ടുള്ളൂ. പ്രാദേശിക പ്രശ്‌നങ്ങളെക്കുറിച്ചും വികസന സാധ്യതകളെക്കുറിച്ചും ചെറുപ്പത്തിലേ അവബോധമുണ്ടാക്കാന്‍ ബാലസഭകള്‍ ഗുണം ചെയ്യും. ബാലസഭകളില്‍ സജീവമാകുമ്പോള്‍ കിട്ടുന്ന അറിവുകള്‍ നാടിന്റെ നന്മയ്ക്കു വേണ്ടി ഉപയോഗപ്പെടുത്താനാവണം. പൊതു വിദ്യാലയങ്ങളില്‍ പഠിച്ചിരുന്ന കാലത്ത് എല്ലാവരുമായും ഇടപഴകാന്‍ കുട്ടികള്‍ക്ക് അവസരമുണ്ടായിരുന്നു. ഒരേ ജാതിയിലും മതത്തിലും സോഷ്യല്‍ സ്റ്റാറ്റസിലും പെട്ടവരോട് മാത്രം ഇടപഴകുന്നത് ദേശീയോദ്ഗ്രഥനപ്രക്രിയ്ക്കുതന്നെ തടസമാകും. രാഷ്ട്രീയപ്രവര്‍ത്തനം നാടിനും സമൂഹത്തിനും വേണ്ടിയുള്ള പ്രവര്‍ത്തനമാണെന്നും അതില്‍നിന്ന് ഉള്‍വലിയുന്നത് സ്വാര്‍ത്ഥതയാണെന്നും മന്ത്രി പറഞ്ഞു.
കുടുംബശ്രീ എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ എസ്. ഹരികിഷോര്‍ സ്വാഗതവും ബാല പാര്‍ലമെന്റ് പ്രതിപക്ഷ നേതാവ് നീതു തങ്കച്ചന്‍ നന്ദിയും പറഞ്ഞു. ആവണി പവിത്രന്‍ ബാലപാര്‍ലമെന്റിലെ മുഖ്യമന്ത്രിയും ഋഷികേശ് സ്പീക്കറും അഖില്‍കുമാര്‍ ഗവര്‍ണറുമായി.
Discussion about this post