കോഴിക്കോട്: നഗരത്തിന്റെ മുഖച്ഛായക്ക് ഭംഗിവരുത്തുന്ന കോഴിക്കോട് മിഠായിത്തെരു നവീകരണ പദ്ധതി ജൂലായ് അവസാനത്തോടെ പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ജില്ലാ കലക്ടര്‍ യു.വി.ജോസ്. മിഠായിതെരു നവീകരണം സംബന്ധിച്ച് കലക്ടറുടെ ചേമ്പറില്‍ ചേര്‍ന്ന വ്യാപാരികളുടേയും ഉദ്യോഗസ്ഥരുടേയും യോഗത്തിലാണ് പദ്ധതി സംബന്ധിച്ച് വിശദീകരിച്ചത്.
മിഠായിതെരുവിന്റെ സുരക്ഷയും ഭംഗിയും സൗകര്യങ്ങളും മെച്ചപ്പെടുത്തി കൂടുതല്‍ ആളുകള്‍ എത്തിച്ചേരുന്ന പ്രധാന വ്യാപാര കേന്ദ്രമായി മാറ്റാനാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. ഇതിന്റെ പ്രധാന ഗുണഭോക്താക്കള്‍ വ്യാപാരികള്‍ തന്നെയായതിനാല്‍ അവരുടെ ഭാഗത്തുനിന്ന് നല്ല സഹകരണമാണ് ലഭ്യമാവുന്നതെന്ന് അദ്ദേഹം പറഞ്ഞു. അടുത്തിടെ ഉണ്ടായ തീപിടിത്തത്തിന്റെ പശ്ചാത്തലത്തിലാണ് വൈദ്യൂതി, ടെലിഫോണ്‍, കേബിളുകളും ജലവിതരണ പൈപ്പും സുരക്ഷിതമായി ഭൂമിക്കടിയിലൂടെ കൊണ്ടുപോകുവാനുളള തീരുമാനമെടുത്തത്. തെരുവിന്റെ ഇരുവശങ്ങളിലും ട്രഞ്ചുകള്‍ കീറിയുളള ഈ പ്രവൃത്തി നിശ്ചിത സമയത്തിനകം തന്നെ പൂര്‍ത്തീകരിക്കാനാവും. വിവിധ വകുപ്പുകളും കരാറുകാരും ഇക്കാര്യത്തില്‍ ശ്രദ്ധ പുലര്‍ത്തണമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു.
ഫെബ്രുവരി 25 ന് ചേര്‍ന്ന വ്യാപാരികളുടേയും ഉദ്യോഗസ്ഥരുടേയും യോഗത്തില്‍ നിര്‍ദ്ദേശിക്കപ്പെട്ട സുരക്ഷാ മുന്‍കരുതല്‍ നടപടികള്‍ പൂര്‍ത്തികരിക്കാന്‍ വ്യാപാര സ്ഥാപനങ്ങള്‍ തയ്യാറായതിനെ ജില്ലാ കലക്ടര്‍ അഭിനന്ദിച്ചു. കച്ചവട സ്ഥാപനങ്ങള്‍ അടപ്പിക്കുന്നതിന് ജില്ലാ ഭരണകൂടം ആശിക്കുന്നില്ല. എന്നാല്‍ പൊതുജനങ്ങളുടേയും സ്ഥാപനങ്ങളുടെതന്നെയും സുരക്ഷ മുന്‍നിര്‍ത്തി നിര്‍ദ്ദേശിക്കപ്പെട്ട സുരക്ഷാ മുന്‍കരുതല്‍ നടപടിയുടെ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയുമുണ്ടാവില്ല. സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താത്തതിന്റെ പേരില്‍ അടച്ചുപൂട്ടാന്‍ നോട്ടീസ് ലഭിച്ച സ്ഥാപനങ്ങള്‍ രണ്ടു ദിവസത്തിനകം പ്രവൃത്തി നടത്തിയാല്‍ നടപടിയില്‍ നിന്ന് ഒഴിവാകാനാവും. നവീകരണ പദ്ധതിയുടെ ഭാഗമായി വ്യാപാര സ്ഥാപനങ്ങള്‍ക്ക് ഒരേ പോലെയുളള രൂപ ഭംഗിയുണ്ടാക്കാനാണ് ലക്ഷ്യമിടുന്നത്. ജില്ലാ ഭരണകൂടം ഇതിന്റെ രൂപരേഖ തയ്യാറാക്കി വ്യാപാര സ്ഥാപനങ്ങള്‍ക്ക് നല്‍കും. എസ്.കെ.പൊറ്റക്കാട് ജംഗ്ഷനിലും റെയില്‍വെ സ്റ്റേഷന്‍ ജംഗ്ഷനിലും ആകര്‍ഷകമായ ഗേറ്റുകള്‍ സ്ഥാപിക്കും. തെരുവിന്റെ ഇരുവശങ്ങളിലും ചിത്രത്തൂണുകളില്‍ ഉയര്‍ന്നു നില്‍ക്കുന്ന അലങ്കാര വിളക്കുകള്‍ സ്ഥാപിക്കാനും തീരുമാനിച്ചിട്ടുണ്ട്.
Discussion about this post