തിരുവനന്തപുരം: നെല്ല് കൊയ്ത് പഞ്ഞമാസത്തേക്കായി പത്തായത്തില്‍ സൂക്ഷിക്കുന്നത് പോലെ വര്‍ഷകാലത്ത് മഴ മുഴുവന്‍ മണ്ണിലേക്ക് സംഭരിക്കപ്പെടുന്നതിനാണ് മഴക്കൊയ്ത്ത് പോലുള്ള പദ്ധതിക്ക് തുടക്കം കുറിക്കുന്നതെന്ന് വിദ്യാഭ്യാസമന്ത്രി പ്രൊഫസര്‍ സി.രവീന്ദ്രനാഥ്. ലോകപരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി ജലസമൃദ്ധമായ കേരളം ലക്ഷ്യമിട്ട് നടപ്പാക്കുന്ന മഴക്കൊയ്ത്തുത്സവത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
പേര് അന്വര്‍ത്ഥമാക്കുന്നത് പോലെ വര്‍ഷകാലം മുഴുവന്‍ മഴ കൊയ്യാനാകണം. സാധാരണയില്‍ നിന്ന് അധികമായി 7 ഇരട്ടി വെള്ളം മഴക്കുഴികള്‍ വഴി സംഭരിക്കപ്പെടുമെന്ന് തെളിഞ്ഞിട്ടുണ്ട്. അതിനുവേണ്ടിയാണ് വ്യാപകമായി മഴക്കുഴികള്‍ തീര്‍ക്കാന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. വര്‍ഷത്തില്‍ 3000 മില്ലി മഴ ലഭിച്ചിരുന്ന കേരളത്തില്‍ മഴ കുറഞ്ഞു. ജൈവ സമ്പുഷ്ഠമായിരുന്ന കേരളത്തിന്റെ ഭൂപ്രകൃതിക്ക് അത്രയും മഴ സംഭരിക്കാനുള്ള കഴിവുണ്ടായിരുന്നു. എന്നാല്‍ നിരന്തരമായി രാസവളങ്ങളും പ്ലാസ്റ്റിക് നിക്ഷേപവും കാരണം മണ്ണിന് ജലസംഭരണം സാധ്യമല്ലാതായി. കഴിഞ്ഞ ഒരു വര്‍ഷമായി നടപ്പാക്കിക്കൊണ്ടിരിക്കുന്ന വിവിധ ജലസംരക്ഷണ പ്രവര്‍ത്തനങ്ങളിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത് കേരളത്തിന്റെ സ്വാഭാവിക ജൈവപ്രകൃതി തിരിച്ചു പിടിക്കാനാണെന്നും മന്ത്രി പറഞ്ഞു. പരിസ്ഥിതിദിനാഘോഷത്തോടനുബന്ധിച്ച് സ്‌കൂള്‍ മുറ്റത്ത് മന്ത്രി പേരമരതൈ നട്ടു. ഹരിത സമൃദ്ധി പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സ്‌കൂള്‍ നിര്‍മിച്ച ഫലവര്‍ഗ തോട്ടത്തിലെ പപ്പായ വിളവെടുപ്പും കയര്‍ ഭൂവസ്ത്രത്തിന്റെ മഴക്കുഴി ഉദ്ഘാടനും മന്ത്രി നിര്‍വഹിച്ചു. സങ്കീര്‍ണമായ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ അനുഭവപ്പെട്ടു കൊണ്ടിരിക്കുന്ന കാലത്ത് നഷ്ടമായിക്കൊണ്ടിരിക്കുന്ന പ്രകൃതിയെ തിരിച്ചു പിടിക്കാനാണ് ഹരിതകേരളം പദ്ധതി ആവിഷ്‌കരിച്ച് നടപ്പാക്കുന്നതെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച തുറമുഖ പുരാവസ്തുവകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി പറഞ്ഞു. ഇതിനായി ജലസ്രോതസുകള്‍ പുനരുജ്ജീവിപ്പിക്കുന്ന പദ്ധതികള്‍ നടപ്പാക്കിക്കഴിഞ്ഞു. ജനകീയ പദ്ധതികളില്‍ മുഴുവന്‍ ആളുകളുടെയും പങ്കാളിത്തം ഉണ്ടാകണമെന്നും മന്ത്രി അറിയിച്ചു. ചടങ്ങില്‍ മേയര്‍ ഇ.പി ലത, പി.കെ ശ്രീമതി ടീച്ചര്‍ എം.പി എന്നിവര്‍ മുഖ്യാതിഥികളായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ്, ജില്ലാകലക്ടര്‍ മിര്‍ മുഹമ്മദ് അലി, ജില്ലാ പഞ്ചാത്ത് വൈസ് പ്രസിഡണ്ട് പി പി ദിവ്യ, കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയര്‍ പി കെ രാഗേഷ് തുടങ്ങിയവര്‍ സംസാരിച്ചു.
Discussion about this post