തിരുവനന്തപുരം: കേരളത്തില്‍ മാലിന്യ സംസ്‌കരണ പ്ലാന്റുകള്‍ തുടങ്ങാന്‍ താല്‍പ്പര്യമുള്ള സ്വകാര്യ സംരംഭകര്‍ക്ക് സര്‍ക്കാര്‍ ഭൂമി നല്‍കുമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി കെ. ടി. ജലീല്‍ പറഞ്ഞു. ഭൂമി ലഭിക്കുന്നവര്‍ അവിടെ പ്ലാന്റുകള്‍ സ്ഥാപിച്ച് വിജയകരമായി മാലിന്യ സംസ്‌കരണം നടത്തണം. കൊച്ചിയില്‍ നടന്ന ചര്‍ച്ചയില്‍ ചില കമ്പനികള്‍ പദ്ധതിയില്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. മാലിന്യ സംസ്‌കരണത്തിലും പരിസ്ഥിതി സംരക്ഷണത്തിലും മികവു കാട്ടിയ തദ്ദേശസ്ഥാപനങ്ങള്‍ക്ക് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ പുരസ്‌കാരം സമ്മാനിക്കുകയായിരുന്നു അദ്ദേഹം.
മാലിന്യസംസ്‌കരണ പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിന് തദ്ദേശസ്ഥാപനങ്ങള്‍ക്ക് സാങ്കേതികാനുമതി ലഭിക്കുന്നതിന് നിലവില്‍ വലിയ കാലതാമസം വരുന്നു. ഇതിന് മാറ്റം വരുത്താന്‍ തീരുമാനിച്ചിട്ടുണ്ട്. മാലിന്യസംസ്‌കരണ പ്ലാന്റുകള്‍ക്കുള്ള സാങ്കേതികാനുമതി നല്‍കുന്നതിന് മലിനീകരണ നിയന്ത്രണ ബോര്‍ഡിനെ ചുമതലപ്പെടുത്തണമെന്ന് അഭിപ്രായം ഉണ്ടായിട്ടുണ്ട്. സംസ്ഥാനത്തിന്റെ ഔന്നത്യം മാലിന്യക്കൂമ്പാരം കൊണ്ട് ഇല്ലാതാവുന്ന സ്ഥിതിയാണ്. ഹോട്ടലുകള്‍, റസ്‌റ്റോറന്റുകള്‍, ഫാസ്റ്റ്ഫുഡ് ശാലകള്‍ എന്നിവയ്ക്ക് നിശ്ചിത സമയം നല്‍കി മാലിന്യ നിര്‍മാര്‍ജന സംവിധാനം ഏര്‍പ്പെടുത്തണം. നിലവില്‍ ഇവിടങ്ങളിലെ മാലിന്യം തദ്ദേശസ്ഥാപനങ്ങള്‍ ഏറ്റെടുക്കേണ്ടിവരുന്നു. ഇത് തുടരാനാവില്ല. കേന്ദ്ര നിയമപ്രകാരം പ്ലാസ്റ്റിക്, ഇലക്‌ട്രോണിക് മാലിന്യങ്ങള്‍ സൃഷ്ടിക്കുന്ന സ്ഥാപനങ്ങള്‍ തന്നെ സംസ്‌കരിക്കേണ്ടതുണ്ട്. ഇതുമായി ബന്ധപ്പെട്ട നിയമം കര്‍ശനമായി പാലിക്കപ്പെടണമെന്ന് മന്ത്രി പറഞ്ഞു.
Discussion about this post