തിരുവനന്തപുരം: സംസ്ഥാനത്തിന് ആയുര്‍വേദ മേഖലയില്‍ വലിയ പാരമ്പര്യം അവകാശപ്പെടാനുണ്ടെന്നും ഈ മേഖലയുടെ വളര്‍ച്ചയ്ക്ക് സര്‍ക്കാര്‍ മുന്തിയ പരിഗണന നല്‍കുമെന്നും ആരോഗ്യകുടുംബക്ഷേമ മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. പൂജപ്പുര സ്ത്രീകളുടെയും കുട്ടികളുടെയും ആയുര്‍വേദ ആശുപത്രിയില്‍ പുതുതായി നിര്‍മിച്ച ലേബര്‍ റൂമിന്റെയും സര്‍ജറി തിയറ്ററിന്റെയും ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
ആയുഷ് വകുപ്പിനെ സ്വതന്ത്രമായ വലിയൊരു വകുപ്പാക്കി മാറ്റാന്‍ നടപടി സ്വീകരിക്കും. ബജറ്റിലും മുഖ്യമന്ത്രിയുടെ പ്രസംഗത്തിലും ഇതിനെക്കുറിച്ചുള്ള സൂചനകള്‍ നല്‍കിയിട്ടുണ്ട്. കേരളത്തെ ആയുര്‍വേദ ഹബ് ആക്കി മാറ്റിയെടുക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണ്. ഇതിന്റെ ഭാഗമായി ഇന്റര്‍നാഷണല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ആരംഭിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി കേന്ദ്ര സര്‍ക്കാരിന്റെ അനുമതി നേടിയിട്ടുണ്ട്. കണ്ണൂരില്‍ മുന്നൂറേക്കര്‍ സ്ഥലം ഇതിനായി കണ്ടെത്തിയിട്ടുണ്ടെന്നും പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ക്കായി അഞ്ചുകോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും പ്രാരംഭ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി മുന്നൂറുകോടി രൂപ ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു.
വര്‍ഷം നാനൂറോളം പ്രസവങ്ങള്‍ നടന്നിരുന്ന പൂജപ്പുര സ്ത്രീകളുടെയും കുട്ടികളുടെയും ആയുര്‍വേദ ആശുപത്രിയുടെ ന്യൂനതകള്‍ പരിഹരിച്ച് നഷ്ടപ്രതാപം വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍ എന്ന് മന്ത്രി അറിയിച്ചു. അത്യന്താധുനിക സൗകര്യങ്ങളോടെ അലോപ്പതി, ആയുര്‍വേദ വിഭാഗങ്ങള്‍ പ്രവര്‍ത്തനസജ്ജമായ ലേബര്‍ റൂമും സര്‍ജറി തിയറ്ററുമാണ് പുതുതായി നിര്‍മിച്ചിട്ടുള്ളത്. ആശുപത്രിയില്‍ അടിയന്തരമായി ആവശ്യമുള്ള അഞ്ച് തസ്തികകളില്‍ സ്റ്റാഫിനെ നിയമിക്കാനും നടപടി ആയിട്ടുണ്ട്.
ഒ. രാജഗോപാല്‍ എംഎല്‍എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ദേശീയ ആയുഷ് മിഷന്‍ സംസ്ഥാന ഡയറക്ടര്‍ കേശവേന്ദ്രകുമാര്‍ സ്വാഗതം പറഞ്ഞു. ആയുര്‍വേദ കോളേജ് പ്രിന്‍സിപ്പല്‍ ഡോ.സി ഉഷാകുമാരി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പൂജപ്പുര വാര്‍ഡ് കൗണ്‍സിലര്‍ ഡോ. ബി. വിജയലക്ഷ്മി, ഭാരതീയ ചികിത്സാ വിഭാഗം ഡയറക്ടര്‍ ഡോ. അനിത ജേക്കബ്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ജോസ് ജി. ഡിക്രൂസ്, സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി സൂപ്രണ്ട് ഡോ. എന്‍ വിജയകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Discussion about this post