ന്യൂഡല്‍ഹി: ഇന്ത്യന്‍ രൂപയ്‌ക്ക് പുതിയ ചിഹ്‌നം. കേന്ദ്രമന്ത്രിസഭ അംഗീകരിച്ച ചിഹ്‌നം കേന്ദ്രമന്ത്രി അംബികാ സോണി വാര്‍ത്താ സമ്മേളനത്തില്‍ പ്രദര്‍ശിപ്പിച്ചു. മറ്റു രാജ്യാന്തര കറന്‍സികള്‍ക്കുള്ളതുപോലെ രൂപയ്‌ക്കും പുതിയ ചിഹ്‌നം ആവശ്യമാണെന്നും രൂപയുടെ രാജ്യാന്തര അംഗീകാരത്തിനുള്ള തെളിവാണ് ഇതെന്നും മന്ത്രി പറഞ്ഞു. ആറു മാസത്തിനുള്ളില്‍ രാജ്യത്തും രണ്ടു വര്‍ഷത്തിനകം രാജ്യാന്തര തലത്തിലും ഈ ചിഹ്‌നം പ്രാബല്യത്തില്‍ വരുത്തുമെന്നും മന്ത്രി പറഞ്ഞു.
തമിഴ്‌നാട് സ്വദേശി മുെൈബ ഐഐടിയിലെ ഡി. ഉദയകുമാറാണ് പുതിയ ചിഹ്‌നത്തിന് രൂപം നല്‍കിയത്. ഇന്ന് ഗുവഹാത്തി ഐഐടിയില്‍ അധ്യാപകനായി ചുമതലയേല്‍ക്കുന്ന ദിവസമാണ് തന്റെ ചിഹ്‌നം രൂപയുടെ രൂപാന്തരമാകുന്ന വിവരം ഉദയകുമാര്‍ അറിയുന്നത്. ദേവനാഗിരി, ഇംഗ്ലീഷ് അക്ഷരങ്ങളുടെ സംയോജനമാണ് ചിഹ്‌നം. രൂപയെന്നതിന്റെ ര എന്ന ദേവനാഗിരി ലിപിയും റുപ്പീസ് എന്നതിന്റെ തുടക്കമായ ആര്‍ എന്ന ഇംഗ്ലീഷിലെ വലിയ അക്ഷരത്തെയും ഒരുപോലെ തോന്നിപ്പിക്കുന്ന അടയാളത്തിന്റെ മുകള്‍ ഭാഗത്തെ രണ്ടുവര ദേശീയപതാകയെ പ്രതിനിധാനം ചെയ്യുന്ന തരത്തിലാണ്.
ഈ രണ്ട് കനംകൂടിയ വരകള്‍ രാജ്യത്തിനകത്തെയും മറ്റുരാജ്യങ്ങളുമായുള്ള സാമ്പത്തിക സന്തുലനത്തെയും സൂചിപ്പിക്കുന്നു. ഇപ്പോള്‍ ആര്‍എസ് എന്നും ഐഎന്‍ആര്‍ എന്നുമാണ് ഇന്ത്യന്‍ കറന്‍സിയെ സൂചിപ്പിക്കുന്നത്. പാക്കിസ്‌ഥാന്‍, നേപ്പാള്‍, ശ്രീലങ്ക എന്നീരാജ്യങ്ങളുടെ കറന്‍സി രൂപയായതും ഇന്ത്യയുടെ സാമ്പത്തികവളര്‍ച്ച പുരോഗമിക്കുന്നതുമാണ് പുതിയ ചിഹ്‌നം തിരഞ്ഞെടുക്കാന്‍ കേന്ദ്ര സര്‍ക്കാരിനെ പ്രേരിപ്പിച്ചത്.
ചിഹ്‌നം രൂപകല്‍പന ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ പൊതുജനങ്ങള്‍ക്കും പങ്കാളിത്തം നല്‍കി മല്‍സരം സംഘടിപ്പിച്ചിരുന്നു. തിരഞ്ഞെടുക്കപ്പെടുന്ന ചിഹ്‌നം രൂപകല്‍പന ചെയ്‌തതിന് ഉദയകുമാറിന് രണ്ടര ലക്ഷം രൂപയാണ് കേന്ദ്രസര്‍ക്കാര്‍ നല്‍കുക. ലഭിച്ച മൂവായിരത്തോളം ചിഹ്‌നങ്ങളില്‍ നിന്നു വിദഗ്‌ധ സമിതി മുന്നോട്ടു വച്ച രണ്ടു ചിഹ്‌നങ്ങളില്‍ നിന്നാണ് ഉദയകുമാര്‍ രൂപകല്‍പന നിര്‍വഹിച്ച ചിഹ്‌നം തിരഞ്ഞെടുത്തത്. മലയാളിയായ തലശേരി സ്വദേശി ഷിബിന്‍ രൂപകല്‍പന ചെയ്‌ത ചിഹ്‌നവും അവസാനഘട്ടം വരെ പരിഗണിക്കപ്പെട്ടിരുന്നു. ഡിസംബറില്‍ തന്റെ രൂപകല്‍പന ആര്‍ബിഐ ഉദ്യോഗസ്‌ഥര്‍ക്കു മുന്നില്‍ പ്രദര്‍ശിപ്പിക്കാനും ഷിബിനു സാധിച്ചു. തിരഞ്ഞെടുക്കപ്പെട്ട ചിഹ്‌നം മികച്ചതാണെന്ന അഭിപ്രായമാണ് ഷിബിനുള്ളത്. കംപ്യൂട്ടര്‍ അധ്യാപകനായ ഷിബിന്‍ ഡിസൈന്‍ രംഗത്ത് കൂടുതല്‍ ശ്രദ്ധയൂന്നാനുള്ള ശ്രമത്തിലാണ്. അവസാന റൗണ്ടിലെത്തിയ അഞ്ചു പേരില്‍ ഉള്‍പ്പെട്ടതിന് ഷിബിന് കേന്ദ്രസര്‍ക്കാര്‍ 25,000 രൂപ നല്‍കും.
Discussion about this post