ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്രമോദി വിശ്വാസികള്‍ക്കും ഈദ് ആശംസകള്‍ നേര്‍ന്നു. പുണ്യ റംസാന്‍ കാരുണ്യത്തിന്റെയും സഹനത്തിന്റെയും ദാനധര്‍മ്മത്തിന്റെയും മഹത്തായ സന്ദേശമാണ് പങ്കുവയ്ക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇത്തരം ആഘോഷങ്ങള്‍ സന്തോഷം പകരുന്നതാണെന്നും രാജ്യത്തെ ഇത് മുന്നോട്ട് നയിക്കുമെന്നും പ്രധാനമന്ത്രി ആശംസയില്‍ പറഞ്ഞു.
അന്താരാഷ്ട്ര യോഗാദിനം വലിയ വിജയമാണെന്നും യോഗ ജീവിതത്തില്‍ സമാധാനവും ആരോഗ്യവും കൊണ്ടുവരുമെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.
റംസാന്‍ മാസത്തില്‍ ശൗചാലയങ്ങള്‍ നിര്‍മിക്കാന്‍ മുന്‍കൈയെടുത്ത ഉത്തര്‍പ്രദേശിലെ ബിജ്‌നോര്‍ മുബാറക് ഗ്രാമവാസികളെ പ്രധാനമന്ത്രി അഭിനന്ദിച്ചു. 3500 മുസ്ലിം കുടുംബങ്ങളുള്ള മുസ്ലിം ഭൂരിപക്ഷ ഗ്രാമത്തില്‍ റംസാന്‍ മാസത്തില്‍ ശൗചാലയങ്ങള്‍ നിര്‍മിക്കാന്‍ തീരുമാനമെടുത്തു. ഇതിനായി സര്‍ക്കാര്‍ 17 ലക്ഷം അനുവദിച്ചിരുന്നു. എന്നാല്‍ അനുവദിച്ച ഫണ്ട് അവര്‍ തിരിച്ചു നല്‍കുകയും റംസാന്റെ ഭാഗമായി സ്വന്തമായി പണം കണ്ടെത്തി ശൗചാലയങ്ങല്‍ നിര്‍മ്മിക്കുകയും ചെയ്തു.












