ന്യൂഡല്‍ഹി: ബിജെപിയും കേന്ദ്രസര്‍ക്കാരും രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങളെയും ഒരുപോലെയാണ് കാണുന്നതെന്ന് പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പറഞ്ഞു. ഗോവയുടെ തലസ്ഥാനമായ പനജിയില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മധ്യപ്രദേശിലും ഗുജറാത്തിലും ന്യൂനപക്ഷങ്ങള്‍ക്ക് യാതൊരുവിധ പ്രശ്‌നങ്ങളുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജനക്കൂട്ടം ആളുകളെ മര്‍ദിച്ചു കൊലപ്പെടുത്തുന്ന നിലവിലെ സംഭവങ്ങളുമായി താരതമ്യത്തിന് ഞാന്‍ മുതിരുന്നില്ല. 2011-13 കാലഘട്ടങ്ങളില്‍ ഇപ്പോള്‍ നടക്കുന്നതിനേക്കാളും കൂടുതല്‍ ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ നടന്നിരുന്നു. അന്ന് ആരും അത് ചോദ്യം ചെയ്തിരുന്നില്ല.
വീട്ടില്‍ ബീഫ് സൂക്ഷിച്ചുവെന്ന് ആരോപിച്ച് ഉത്തര്‍ പ്രദേശില്‍ ജനക്കൂട്ടം മുഹമ്മദ് അഖ്‌ലാഖ് എന്നയാളെ മര്‍ദിച്ചു കൊലപ്പെടുത്തിയത് സമാജ്‌വാദി പാര്‍ട്ടി അധികാരത്തില്‍ ഇരിക്കുമ്പോഴാണ്. അത് അവരുടെ ഉത്തരവാദത്തിമാണ്. പക്ഷേ, അപ്പോഴും മോദി സര്‍ക്കാരിനെതിരെയാണ് പ്രതിഷേധം ഉയര്‍ന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ജനക്കൂട്ടം ആളുകളെ മര്‍ദിച്ച് കൊലപ്പെടുത്തുന്ന സംഭവങ്ങള്‍ യുപിഎ ഭരണകാലത്ത് നടന്നപ്പോള്‍ ആരും അതിനെ ചോദ്യം ചെയ്തില്ല. പിന്നെ, ഇപ്പോള്‍ എങ്ങനെയാണ് ചോദ്യം ചെയ്യുക? അമിത് ഷാ ചോദിച്ചു. ആളുകളെ മര്‍ദിച്ച് കൊലപ്പെടുത്തുന്നത് ഒരു ക്രമസമധാന പ്രശ്‌നമാണ്. അത് സംസ്ഥാനങ്ങളുടെ ഉത്തരവാദിത്വമാണെന്നും അദ്ദേഹം പറഞ്ഞു.












