ന്യൂഡല്‍ഹി : രാഷ്ട്രപതി തിരഞ്ഞെടുപ്പു ഫലം ഇന്നു വൈകിട്ട് അഞ്ചു മണിക്ക് പ്രഖ്യാപിക്കും. എന്‍ഡിഎയുടെ സ്ഥാനാര്‍ഥി റാം നാഥ് കോവിന്ദ് മൂന്നില്‍ രണ്ട് ഭൂരിപക്ഷം നേടി വിജയം നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലോക്സഭാ മുന്‍ സ്പീക്കര്‍ മീരാകുമാര്‍ ആണു പ്രതിപക്ഷ സ്ഥാനാര്‍ഥി. രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ 776 എംപിമാരും 4120 എംഎല്‍എമാരുമാണ് വോട്ടര്‍മാര്‍.
വോട്ടെണ്ണല്‍ രാവിലെ 11നു പാര്‍ലമെന്റ് മന്ദിരത്തില്‍ ആരംഭിക്കും. പാര്‍ലമെന്റിലെ ബാലറ്റ് പെട്ടികളാണ് ആദ്യം തുറക്കുക. തുടര്‍ന്നു സംസ്ഥാന നിയമസഭകളില്‍ നിന്നെത്തിച്ച പെട്ടികളിലെ വോട്ടുകള്‍, സംസ്ഥാനങ്ങളുടെ പേരിന്റെ ഇംഗ്ലിഷ് അക്ഷരക്രമത്തില്‍ എണ്ണും.
സമകാലിക രാഷ്ട്രീയ സമവാക്യങ്ങളെ അന്വര്‍ത്ഥമാക്കിയ സ്ഥാനാര്‍ത്ഥി. പ്രഖ്യാപനത്തോടെ തന്നെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാം നാഥ് കോവിന്ദ് തെരഞ്ഞെടുപ്പിനു മുന്‍പുതന്നെ വിജയമുറപ്പിച്ചു കഴിഞ്ഞിരുന്നു. പ്രത്യാശയ്ക്ക് പോലും വകയില്ലാതെയാണ് മീരാകുമാറിനെ മുന്‍ നിര്‍ത്തി കോണ്‍ഗ്രസ്സ് വോട്ടെടുപ്പിനെ നേരിട്ടത്.
രാഷ്ട്രീയ കരു നീക്കങ്ങള്‍ക്കൊടുവില്‍ ബിജെപി, ശിവസേന, ടിഡിപി, അകാലിദള്‍, എല്‍ജെപി, പിഡിപി, ആര്‍എല്‍എസ്പി, ബിപിഎഫ്, എന്‍പിഎഫ്, എജിപി എന്നിവയ്ക്ക് പുറമെ ജെഡിയു, അണ്ണാ ഡിഎംകെയിലെ രണ്ടു വിഭാഗവും അടക്കം ഭരണ പക്ഷത്തെ പിന്തുണച്ചിരുന്നു.
കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, എസ്പി, ബിഎസ്പി, സിപിഎം, ആര്‍ജെഡി തുടങ്ങിയവരാണ് പ്രതിപക്ഷ നിരയില്‍.
Discussion about this post