തിരുവനന്തപുരം: സ്ത്രീപീഡനക്കേസില്‍ കുറ്റാരോപിതനായി അറസ്റ്റിലായ എം. വിന്‍സെന്റ് എംഎല്‍എയെ കോണ്‍ഗ്രസിന്റെ ഔദ്യോഗിക ചുതലകളില്‍ നിന്ന് നീക്കി. കെപിസിസി അധ്യക്ഷന്‍ എം.എം.ഹസനാണ് ഇക്കാര്യം അറിയിച്ചത്. എംഎല്‍എ കുറ്റവിമുക്തനായി തിരികെയെത്തുന്നതുവരെയാണ് അദ്ദേഹത്തിനെതിരായ നടപടി.
വിന്‍സെന്റിനെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ വന്‍ ഗൂഢാലോചനയുണ്ടായിട്ടുണ്ട്. നെയ്യാറ്റിന്‍കര എംഎല്‍എയുടെ നേതൃത്വത്തിലാണ് ഗൂഢാലോചന നടന്നത്.
ജീവനൊടുക്കാന്‍ ശ്രമിച്ച സ്ത്രീയെ ആശുപത്രിയിലെത്തിക്കുമ്പോള്‍ എംഎല്‍എ ഉള്‍പ്പെടെയുള്ള സിപിഎമ്മുകാര്‍ അവിടെ ഉണ്ടായിരുന്നു. പരാതിക്കാരിയെ രാഷ്ട്രീയമായി സ്വാധീനിച്ചിട്ടുണ്ട്.എംഎല്‍എയെ രാഷ്ട്രീയമായി തകര്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഇപ്പോള്‍ നടക്കുന്ന അന്വേഷണം ഹസന്‍ പറഞ്ഞു.
അതേസമയം, വിന്‍സെന്റ് ഇപ്പോള്‍ എംഎല്‍എ സ്ഥാനം രാജിവയ്‌ക്കേണ്ടതില്ലെന്നാണ് കെപിസിസി തീരുമാനമെന്നും ഹസന്‍ അറിയിച്ചു. അദ്ദേഹം കുറ്റാരോപിതന്‍ മാത്രമാണെന്നും ഈ സാഹചര്യത്തില്‍ രാജി അനിവാര്യമല്ലെന്നും ഹസന്‍ പറഞ്ഞു. താന്‍ വിന്‍സെന്റിനോട് വിശദീകരണം ആവശ്യപ്പെട്ടിരുന്നു.സ്ത്രീയെ പരിചയമുണ്ടെന്നും എന്നാല്‍ അവരെ ശാരീരികമായോ മാനസികമായോ പീഡിപ്പിച്ചിട്ടില്ല എന്നുമായിരുന്നു എംഎല്‍എയുടെ മറുപടിയെന്നും ഹസന്‍ കൂട്ടിച്ചേര്‍ത്തു.
ശനിയാഴ്ച എംഎല്‍എ ഹോസ്റ്റലില്‍ നടന്ന രണ്ടര മണിക്കൂര്‍ ചോദ്യം ചെയ്യലിനു ശേഷമായിരുന്നു വിന്‍സെന്റിനെ അറസ്റ്റ് ചെയ്തത്. ബാലരാമപുരത്തെ കടയില്‍ കടന്നുകയറി വിന്‍സെന്റ് ഭീഷണിപ്പെടുത്തിയെന്നും ഫോണിലൂടെ നിരന്തരം ശല്യം ചെയ്തുവെന്നുമുള്ള വീട്ടമ്മയുടെ പരാതിയിലാണ് അറസ്റ്റ്. ജീവനൊടുക്കാന്‍ ശ്രമിച്ച വീട്ടമ്മ ചികിത്സയിലുള്ള ആശുപത്രിയില്‍ എത്തി പോലീസ് മൊഴി രേഖപ്പെടുത്തിയിരുന്നു. മൊഴിയില്‍ വീട്ടമ്മ ഉറച്ചു നിന്നതോടെയാണ് വിന്‍സെന്റിന്റെ അറസ്റ്റിലേക്ക് കാര്യങ്ങളെത്തിയത്.
അറസ്റ്റിനു പിന്നാലെ നെയ്യാറ്റിന്‍കര കോടതിയില്‍ ഹാജരാക്കിയ എംഎല്‍എയെ 14 ദിവസത്തേക്ക് കോടതി റിമാന്‍ഡ് ചെയ്തിരുന്നു. നെയ്യാറ്റിന്‍കര സബ്ജയിലിലാണ് വിന്‍സെന്റ് ഇപ്പോള്‍ ഉള്ളത്.
Discussion about this post