ന്യൂഡല്‍ഹി: കോഴ ആരോപണം നേരിടുന്ന മെഡിക്കല്‍ കോളജുകള്‍ അടക്കം സംസ്ഥാനത്തെ ഏഴ് മെഡിക്കല്‍ കോളജുകള്‍ക്ക് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ പ്രവേശനാനുമതി നിഷേധിച്ചു. വിദ്യാര്‍ഥികളെ പ്രവേശിപ്പിക്കുന്നതിനായി നിശ്ചയിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചില്ലെന്നു കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണു നടപടി.
പാലക്കാട് മെഡിക്കല്‍ കോളജ്, വര്‍ക്കല എസ്.ആര്‍. മെഡിക്കല്‍ കോളജ്, തൊടുപുഴ അല്‍അസ്ഹര്‍ മെഡിക്കല്‍ കോളജ്, പത്തനംതിട്ട മൗണ്ട് സീയോന്‍, വയനാട് ഡിഎം ഇന്‍സ്റ്റിറ്റ്യൂട്ട്, ഇടുക്കി പൈനാവ് ഗവണ്‍മെന്റ് മെഡിക്കല്‍ കോളജ്, കണ്ണൂര്‍ മെഡിക്കല്‍ കോളജ് എന്നിവയ്‌ക്കെതിരേയാണ് നടപടി. പാലക്കാട്, എസ്.ആര്‍, അല്‍അസര്‍, ഡിഎം വയനാട് എന്നീ മെഡിക്കല്‍ കോളജുകളില്‍ 201718, 201819 അധ്യയന വര്‍ഷങ്ങളില്‍ പ്രവേശനം നടത്തരുതെന്നും മൗണ്ട് സീയോന്‍, ഇടുക്കി, കണ്ണൂര്‍ മെഡിക്കല്‍ കോളജുകളില്‍ 201718 വര്‍ഷത്തില്‍ പ്രവേശനം പാടില്ലെന്നും എംസിഐയുടെ ഉത്തരവില്‍ പറയുന്നു.
മെഡിക്കല്‍ കൗണ്‍സില്‍ അംഗീകാരത്തിനായി ബിജെപി നേതാക്കള്‍ക്ക് കോഴ നല്‍കിയെന്ന് ആരോപിക്കപ്പെടുന്ന വര്‍ക്കല എസ്.ആര്‍. കോളജ്, ചെര്‍പ്പുളശേരി മെഡിക്കല്‍ കോളജുകളുടെ നടപടിയാണ് അടുത്തിടെ വിവാദത്തിലായത്.
സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശങ്ങള്‍ പ്രവേശന നടപടികള്‍ പാലിക്കാത്തതിനു കണ്ണൂര്‍ മെഡിക്കല്‍ കോളജിലെ പ്രവേശനം റദ്ദാക്കിയ നടപടി സുപ്രീംകോടതി ശരിവയ്ക്കുകയും ചെയ്തിരുന്നു. എന്നാല്‍, പ്രവേശന നടപടികള്‍ പരിശോധിച്ച സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മെഡിക്കല്‍ കൗണ്‍സില്‍ കേരളത്തിലെ കോളജുകള്‍ക്കെതിരേ നടപടിയെടുത്തത്. കേരളത്തിലെ സ്ഥാപനങ്ങള്‍ക്കൊപ്പം വിവിധ സംസ്ഥാനങ്ങളിലെ 69 മെഡിക്കല്‍ കോളജുകള്‍ക്കെതിരേയും മെഡിക്കല്‍ കൗണ്‍സില്‍ നടപടിയെടുത്തിട്ടുണ്ട്.
Discussion about this post